കോണ്‍ഗ്രസിന്റെ ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ ഇനി മുന്‍ എംപി രമ്യ നയിക്കും; തീരുമാനം ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേത്

single-img
11 May 2017

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ ഇനി മുന്‍ എംപി രമ്യ നയിക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതാണ് തീരുമാനം. 2012 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന സിനിമാതാരം കൂടിയായ രമ്യ സ്പന്ദനക്കാണ് പുതിയ ചുമതല. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ലെങ്കിലും രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അഞ്ചു വര്‍ഷമായി പാര്‍ട്ടിയുടെ ഓണ്‍ലൈന്‍ പ്രചാരണ ചുമതലയുളല ദീപീന്ദര്‍ ഹൂഡയെ മാറ്റിയാണ് രമ്യയെ നിയമിക്കുന്നത്.

ട്വിറ്ററില്‍ നാലു ലക്ഷത്തിലധികം ഫോളോവേഴ്സുളള രമ്യയുടെ ഓണ്‍ലൈന്‍ ഇടപെടലുകളെ നേരത്തെ ശശി തരൂര്‍ എംപി പ്രശംസിച്ചിരുന്നു. രമ്യയുടെ പുതിയ ചുമതല സംബന്ധിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് വക്താവ് അജോയ് കുമാര്‍ തയ്യാറായില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ ഇടപെടലുകളിലെ പോരായ്മ പരിഹരിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ സജീവമായി ഇടപെടലുകള്‍ നടത്തുന്ന രമ്യയുടെ നേതൃത്വം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

സുക്മയില്‍ 25 സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ബിജെപി സര്‍ക്കാരിനു കീഴില്‍ സൈനികരും, സാധാരണക്കാരും, ആധാര്‍ വിവരങ്ങളുമടക്കം ആരും സുരക്ഷിതരല്ലെന്നായിരുന്നു രമ്യയുടെ ട്വീറ്റ്. നരകത്തിലേക്കല്ലെങ്കില്‍ പാകിസ്ഥാനിലേക്ക് പോകൂ എന്ന മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് മറുപടിയായി പാകിസ്താന്‍ നരകമല്ല ഒരു നല്ല രാജ്യമാണ് എന്ന് രമ്യയുടെ ട്വീറ്റ് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. ബിജെപിയെ കടന്നാക്രമിച്ചുളള രമ്യയുടെ ട്വീറ്റുകള്‍ക്ക് ലഭിക്കുന്ന വന്‍ പ്രതികരണങ്ങളാണ് പുതിയ ചുമതലയിലേക്ക് നയിച്ചത്.