മുത്തലാഖ് മൗലികാവകാശമാണെങ്കില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി; മുത്തലാഖ് മതപരമായ ചടങ്ങോ മൗലികാവകാശത്തിന്റെ ഭാഗമോ ആണെന്ന് പരിശോധിക്കും

single-img
11 May 2017

ന്യൂഡല്‍ഹി: മുത്തലാഖ് മൗലികാവകാശമാണെങ്കില്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. മുത്തലാഖ് മതപരമായ ചടങ്ങോ മൗലികാവകാശത്തിന്റെ ഭാഗമോ ആണെന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു. ബഹുഭാര്യത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും ഇവ പിന്നീട് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

അഞ്ച് ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ആര്‍എഫ് നരിമാന്‍, യുയു ലളിത്, അബ്ദുള്‍ നാസര്‍ എന്നിവരടങ്ങുന്നതാണ് ബെഞ്ച്.

മുത്തലാഖ് ഭരണാഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം സമുദായത്തിലെ തന്നെ സ്ത്രീകള്‍ നല്‍കിയ പരാതിയാണ് കോടതി ആദ്യഘട്ടത്തില്‍ പരിശോധിക്കുക. മുത്തലാഖിന്റെ നിയമസാധുത വിശദമായി പരിശോധിക്കാന്‍ മറ്റൊരു ബെഞ്ചുമുണ്ടാകും. വിഷയത്തിന്റെ നിയമസാധുത മാത്രം പരിശോധിച്ചായിരിക്കും കേസ് പരിഗണിക്കുക എന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ഏക സിവില്‍ കോഡ് ആശത്തെയും മാറ്റിനിര്‍ത്തിയായിരിക്കും കോടതി കേസ് പരിഗണിക്കുക.

ആദ്യഘട്ടത്തില്‍ ഖുറാന്‍ സുന്നത്ത് സൊസൈറ്റി, ഷയാറ ബാനോ, അഫ്രീന്‍ റഹ്മാന്‍, ഗുല്‍ഷണ്‍ പ്രവീണ്‍, ഇസ്രത്ത് ജഹാന്‍, അതിയ സബ്രി എന്നിവര്‍ നല്‍കിയ പരാതിയിലാണ് കോടതി വാദം കേള്‍ക്കുക.