കേന്ദ്രസേനയെ നേരിടാന്‍ സ്വയം വികസിപ്പിച്ചെടുത്ത ആയുധങ്ങളുമായി മാവോയിസ്റ്റുകള്‍ തോക്കുകള്‍ക്ക് പുറമേ റോക്കറ്റുകളും മോര്‍ട്ടാറുകളും റാംബോ ആരോകളും പുതിയ യുദ്ധ രീതിയുടെ ഭാഗം

single-img
11 May 2017

സുഖ്മ: കേന്ദ്രസേനയെ നേരിടാന്‍ സ്വയം വികസിപ്പിച്ചെടുത്ത ആയുധങ്ങളുമായി മാവോയിസ്റ്റുകള്‍. തോക്കുകള്‍ക്ക് പുറമേ റോക്കറ്റുകളും മോര്‍ട്ടാറുകളും റാംബോ ആരോകളുമാണ് മാവോയിസ്റ്റ് പുതിയയുദ്ധരീതിയുടെ ഭാഗമായി ഉപയോഗിക്കുന്നത്. രണ്ടാഴ്ച്ച മുമ്പ് സിആര്‍പിഎഫുമായി നടത്തിയ ഏറ്റുമുട്ടലില്‍ വിക്ഷേപിക്കാവുന്ന തരത്തിലുള്ള അഞ്ച് വ്യത്യസ്ത ആയുധങ്ങള്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച റാംബോ ആരോ എന്ന് വിളിക്കപ്പെടുന്ന ആയുധത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. അമ്പിന്റെ പോര്‍മുനയ്ക്ക് പകരം വെടിമരുന്ന് നിറച്ചാണ് ഈ ആയുധം പ്രയോഗിക്കുന്നത്.

ഹോളിവുഡ് ചിത്രമായ റാംബോയില്‍ സില്‍വസ്റ്റര്‍ സ്റ്റാലന്‍ ഈ ആയുധം പ്രയോഗിക്കുന്നുണ്ട്. വെടിമരുന്ന് നിറച്ച അലുമിനിയം മുന അമ്പിന്റെ അറ്റത്ത് ഘടിപ്പിക്കും. അലൂമിനിയംപാത്രങ്ങള്‍ ഉരുക്കിയാണ് ഈ ഭാഗം നിര്‍മ്മിക്കുന്നത്. വേട്ടയാടാനുപയോഗിക്കുന്ന വില്ലില്‍ നിന്ന് റാംബോ ആരോ തൊടുത്തിവിടും. 25 മീറ്റര്‍ വരെയാണ് അമ്പിന്റെ ദൂരപരിധി. ലക്ഷ്യത്തില്‍ സ്പര്‍ശിച്ചാല്‍ ഉടന്‍ സ്ഫോടനം നടക്കും. തീവ്രതയേക്കാളും സ്ഫോടനം ഏറ്റുമുട്ടല്‍ സമയത്ത് സൃഷ്ടിക്കുന്ന പുകമറയാണ് ഏറെ അപകടകരം.ദേശിമോര്‍ട്ടാറുകള്‍ തങ്ങളുടെ ആയുധശേഖരത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് മാവോയിസ്റ്റുകള്‍ തങ്ങളുടെ പ്രസിദ്ധീകരണത്തിലൂടെ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. വെല്‍ഡ് ചെയ്ത സ്റ്റീല്‍ പൈപ്പുകളും വളത്തില്‍ നിന്നുള്ള അമോണിയം നൈട്രേറ്റുമാണ് ഇത് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. 400 ഗ്രാം ഭാരമുള്ള മോര്‍ട്ടാറിന്റെ ദൂരപരിധി നൂറ് മീറ്ററാണ്.

ദേശി റോക്കറ്റുകളാണ് കൂട്ടത്തില്‍ ഏറ്റവും മാരകമായ ആയുധം. രണ്ടടിയിലേറെ നീളമുള്ള ഇവയ്ക്ക് രണ്ടു കിലോഗ്രാമാണ് ഭാരം. സ്റ്റീല്‍ പൈപ്പുകളില്‍ സ്ഫോടകവസ്തുവോ പെട്രോളിയം ഇന്ധനങ്ങളോ നിറയ്ക്കും. 300 മീറ്ററാണ് മാവോയിസ്റ്റ് റോക്കറ്റുകളുടെ ദൂരപരിധി. 2015ല്‍ ഛത്തീസ്ഗഢിലെ ഒരു പൊലീസ് ക്യാംപ് ആക്രമിച്ചപ്പോള്‍ 50ലേറെ റോക്കറ്റുകളാണ് മാവോയിസ്റ്റുകള്‍ പ്രയോഗിച്ചത്. 2003 മുതല്‍ ഛത്തീസ്ഗഢില്‍ സിആര്‍പിഎഫ് സാന്നിധ്യമുണ്ടെങ്കിലും 2009-10 കാലയളവില്‍ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിന്റെ ഭാഗമായാണ് സേന കാടിനകത്ത് കയറിത്തുടങ്ങിയത്. മുമ്പ് സ്ഫോടകവസ്തുക്കളായിരുന്നു മാവോയിസ്റ്റുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത്. ഇവ നിര്‍വീര്യമാക്കുന്നതില്‍ സിആര്‍പിഎഫ് പ്രാവീണ്യം നേടിയതോടെയാണ് റോക്കറ്റ് പോലെയുള്ള വിക്ഷേപണായുധങ്ങള്‍ സിആര്‍പിഎഫ് വികസിപ്പിച്ചെടുത്തത്.ഏപ്രില്‍ 24ന് നടന്ന ഏറ്റുമുട്ടലില്‍ 25 സിആര്‍പിഎഫ് ജവാന്‍മാരും അഞ്ച് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സുഖ്മജില്ലയില്‍ 2,000 കോബ്ര കമാന്‍ഡോകളെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.