400 പത്രങ്ങളില്‍ ഒന്നാം പേജ് പരസ്യം; 10കോടി മെസേജുകള്‍; മൂന്നാം വാര്‍ഷികം ആഘോഷിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ മുടക്കുന്നത് കോടികള്‍

single-img
11 May 2017

ന്യൂ ഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന് കോടികള്‍ മുടക്കി വിപുലമായ ആഘോഷ പരിപാടികള്‍ ഒരുക്കാന്‍ ബിജെപി. മെയ് 16 മുതല്‍ ജൂണ്‍ 5 വരെ നീളുന്ന വന്‍ ആഘോഷ പരിപാടികള്‍ ഒരുക്കാനാണ് പദ്ധതി. വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ‘പുതിയ ഇന്ത്യ’ ക്യാംപെയിനും ആരംഭം കുറിക്കും.

മെയ് 16ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി ഗുവാഹത്തിയില്‍ നിന്നും ജനങ്ങളെ അഭിസംബോധന ചെയ്യുന്നതോടെയാകും ആഘോഷ പരിപാടികളുടെ തുടക്കം. അതിന് ശേഷം ബെംഗലൂരു, ഡല്‍ഹി, ജെയിപൂര്‍, കോട്ട, കൊല്‍ക്കത്ത, പൂനെ എന്നീ നഗരങ്ങള്‍ സന്ദര്‍ശിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രധാന മന്ത്രി ജനങ്ങള്‍ക്കായി രണ്ട് കത്തെഴുതും. 15 ദിവസങ്ങള്‍ക്കുള്ളില്‍ 10 കോടി എസ്എംഎസുകള്‍ ജനത്തിനയക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മെയ് 26ന് പുറത്തിറങ്ങുന്ന രാജ്യത്തെ 400 പത്രങ്ങളുടെ ആദ്യ പേജില്‍ സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ പരസ്യം ഉള്‍പ്പെടുത്തും. റേഡിയോയിലും ടെലിവിഷനിലും 30 മുതല്‍ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ഇതിനോടോപ്പം ബിജെപിയുടെ മുദ്രവാക്യത്തിലും മാറ്റം വരും. ‘ദേശ് ബദല്‍ രഹി ഹേ’ എന്ന മുദ്രവാക്യത്തിനൊപ്പം രാജ്യം ഉദിക്കുന്നു എന്നര്‍ത്ഥം വരുന്ന ‘ ഭാരത് ഉബര്‍ രഹി ഹേ’ എന്ന വാചകം കൂടി ചേര്‍ക്കും.

ഇതിനോടൊപ്പം രാജ്യത്തെ 900 നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളില്‍ കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കും. 500 നഗരങ്ങളില്‍ ‘സബ് കാ സാത്ത്, സബ് കാ വികാസ്’ പദ്ധതി നടപ്പിലാക്കും. 27, 28 എന്നീ ദിവങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ മാധ്യമങ്ങളെ കാണുന്നതിനും തീരുമാനമായിട്ടുണ്ട്.

ബിജെപി ശക്തമല്ലാത്ത സംസ്ഥാനങ്ങളിലായി 300 മള്‍ട്ടിമീഡിയ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ മന്ത്രാലയവും യുപിഎ ഭരണവും എന്‍ഡിഎ ഭരണവും താരതമ്യം ചെയ്തുള്ള ലഘുലേഖ പുറത്തിറക്കും. കര്‍ഷകര്‍, യുവാക്കള്‍, പിന്നോക്ക സമുദായം, തൊഴിലാളികള്‍ എന്നിവരുടെ ഉന്നമനത്തിനായുള്ള പദ്ധതി ആവിഷ്‌കരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ വാര്‍ഷികാഘോഷ വേളയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ ഉയര്‍ത്തിക്കാട്ടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സാമ്പത്തിക സുരക്ഷാ മേഖലയില്‍ സര്‍ക്കാരിന് വന്ന വീഴിച്ചകളെ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നേതാക്കളും പത്ത് ദിവസം മാധ്യമങ്ങളെ കാണും.