തടവ് ശിക്ഷ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതിയില്‍; പൊലീസിനെ വെട്ടിച്ച് കര്‍ണന്‍ ഇന്ത്യ വിട്ടതായി അഭ്യൂഹം

single-img
11 May 2017

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി വിധിച്ച ആറുമാസം തടവ് ശിക്ഷ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. അതേ സമയം സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ ചെന്നൈയിലെത്തിയ കൊല്‍ക്കത്ത പൊലീസിനെ വെട്ടിച്ച് കര്‍ണന്‍ ഇന്ത്യ വിട്ടതായി അദ്ദേഹത്തിന്റെ അടുത്ത സഹായിയും നിയമോപദേശകനുമായ പീറ്റര്‍ രമേശ് കുമാറിനെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അറസ്റ്റ് ഒഴിവാക്കാന്‍ കര്‍ണന്‍ രാജ്യം വിട്ടെന്നും രാഷ്ട്രപതി കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയാല്‍ മാത്രമേ തിരിച്ചെത്തൂവെന്നുമായിരുന്നു റിപ്പോര്‍ട്ട്. നേപ്പാളിലേക്കോ, ബംഗ്ലാദേശിലോക്കോ അതിര്‍ത്തി കടന്ന് അദ്ദേഹം പോയെന്നായിരുന്നു രമേഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ ഏതുവഴിയാണ് പോയതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല എന്നും ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ കര്‍ണന്‍ ഒളിവില്‍ പോയിട്ടില്ലെന്നും ചെന്നൈയില്‍ തന്നെയുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ചെന്നൈയിലെത്തിയ കര്‍ണനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ചെന്നൈ ഗവ: ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന കര്‍ണന്‍ ബില്ലുകള്‍ പോലും അടക്കാതെയാണ് അവിടെ നിന്നും പോയത്.

ആന്ധ്രയിലെ ശ്രീ കളഗസ്തി ക്ഷേത്രത്തിലേക്ക് പോയതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല. തമിഴ്‌നാട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് കര്‍ണനെ കണ്ടെത്താനുളള ശ്രമത്തിലാണിപ്പോള്‍ കൊല്‍ക്കത്ത പൊലീസ് സംഘം.

കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ ഹൈക്കോടതി ജഡ്ജിയാണ് സിഎസ് കര്‍ണന്‍. സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. പിന്നീട് മാപ്പുപറയാന്‍ തയ്യാറാകാത്ത കര്‍ണനോട് വൈദ്യപരിശോധനക്ക് വിധേയനാകാന്‍ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ജഡ്ജിമാരെ തടവ് ശിക്ഷക്ക് വിധിച്ച് കര്‍ണന്‍ ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യ കേസില്‍ ആറു മാസം തടവ് വിധിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്. കര്‍ണനെ ഉടന്‍ ജയിലിലടക്കണമെന്നായിരുന്നു കോടതി ഉത്തരവ്.