രാജസ്ഥാനില്‍ വിവാഹ വേദിയിലെ മതില്‍ തകര്‍ന്ന് നാലു കുട്ടികളടക്കം 26 പേർ മരിച്ചു

single-img
11 May 2017

ജയ്പൂര്‍: രാജസ്ഥാനില്‍ ശക്തമായ കാറ്റിലും മഴയേയും തുടര്‍ന്ന് വിവാഹപ്പന്തലിലെ മതില്‍ തകര്‍ന്ന് നാലു കുട്ടികളടക്കം 26 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ 11 പേര്‍ പുരുഷന്മാരാണ്. വിവാഹച്ചടങ്ങിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. അപകടം ഉണ്ടായപ്പോൾ വിവാഹ ചടങ്ങുകള്‍ നടക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ ഒരാളെ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തില്‍ വിവാഹ ഹാളിലെ ഷെഡ്ഡ് പൂര്‍ണമായും തകര്‍ന്നു. 90 അടി നീളത്തിലും 13 അടി ഉയരത്തിലുമായാണ് മതില്‍ പണിതിരുന്നത്. മതിലിനോട് ചേര്‍ന്ന് താല്‍ക്കാലിക ഷെഡ്ഡും തയ്യാറാക്കിയിരുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്ന് മതില്‍ തകരുകയും ഷെഡ്ഡിന് മുകളിലേക്ക് വീഴുകയുമായിരുന്നു.

സംഭവത്തില്‍ മുഖ്യമന്ത്രി വസുന്ധര രാജെ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് എല്ലാവിധ സഹായവും എത്തിക്കാനും അവര്‍ നിര്‍ദേശം നല്‍കി.