കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ ആക്രമണം; വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, മേഖലയില്‍ വെടിവയ്പ്പ് തുടരുന്നു

single-img
11 May 2017

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ ആക്രമണം. നൗഷേരാ മേഖലയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരു പുരുഷന് പരിക്കേല്‍ക്കുകയും ചെയ്തു. മേഖലയില്‍ വെടിവയ്പ്പ് തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രിയോടെയാണ് രജൗരി ജില്ലയിലെ നൗഷേരയില്‍ പാക്ക് ആക്രമണം തുടങ്ങിയത്. കൈത്തോക്കുകളും മോര്‍ട്ടര്‍ ഷെല്ലുകളും ഉപയോഗിച്ചാണ് ആക്രമണം. ഇന്ത്യന്‍ സൈന്യവും ശക്തമായ മറുപടി നല്‍കിയെന്ന് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.

പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈനികനും ബിഎസ്എഫ് ജവാനും കഴിഞ്ഞയാഴ്ച പാകിസ്താന്‍ നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പാക്ക് സൈന്യം വികൃതമാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം.

പാകിസ്താന്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സര്‍ക്കാരും സൈന്യവും അറിയിച്ചിരുന്നു. ജവാന്‍മാരുടെ മൃതദേഹം വികൃതമാക്കിയതിനു പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. ദിവസേനെ ഒന്നെന്ന രീതിയില്‍ കഴിഞ്ഞ രണ്ടുവര്‍ഷം പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.