കേന്ദ്ര പരിസ്ഥിതി സംഘം മൂന്നാറില്‍; വിവാദ കൈയേറ്റ സ്ഥലങ്ങളും പരിസ്ഥിതിക്കു ദോഷം വരുത്തുന്ന കെട്ടിടങ്ങളും ഇന്ന് സന്ദര്‍ശിക്കും

single-img
10 May 2017

മൂന്നാര്‍: മൂന്നാറിലെ വിവാദ കൈയേറ്റ സ്ഥലങ്ങളും പരിസ്ഥിതിക്കു ദോഷം വരുത്തുന്ന കെട്ടിടങ്ങളും കേന്ദ്ര പരിസ്ഥിതി പാര്‍ലമന്റെറി സംഘം ഇന്നു സന്ദര്‍ശിക്കും. കോണ്‍ഗ്രസ് നേതാവും സമിതി അധ്യക്ഷയുമായ രേണുക ചൗധരിയുടെ നേതൃത്വത്തിലെ സമിതിയാണ് പരിശോധന നടത്തുന്നത്. വിവിധ രാഷ്ട്രീയ കക്ഷികളിലുള്ളവരും എം.പിമാരും അടങ്ങുന്ന 11 അംഗ സംഘമാണ് മൂന്നാറിലെത്തിയത്.

വിവാദസ്ഥലങ്ങളിലടക്കം എത്തുന്ന സംഘം പാറക്കെട്ടുകള്‍ ഉരുണ്ടുവീണ് അപകടമുണ്ടാകാനിടയായ റിസോര്‍ട്ടുകളും പള്ളിവാസലിലെ അനധികൃത കെട്ടിടങ്ങളും സന്ദര്‍ശിക്കുമെന്നാണ് സൂചന. നേരത്തേ മൂന്നാര്‍ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി സി.ആര്‍. ചൗധരിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം. മന്ത്രിയുടെ സന്ദര്‍ശനശേഷം വിശദ വിവരങ്ങള്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ലോക്‌സഭയിലും വിഷയം ചര്‍ച്ചയാവുകയുണ്ടായി.

മൂന്നാര്‍ വിവാദം ദേശീയതലത്തില്‍ എത്തിയ സാഹചര്യത്തിലെ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഏറെ നിര്‍ണായകമാകും. കേന്ദ്രമന്ത്രി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും മൂലം മൂന്നാര്‍ അപകടകരമായ നിലയിലാണെന്ന് സൂചിപ്പിച്ചിരുന്നു. പ്രസന്ന ആചാര്യ, ബാലസുബ്രഹ്മണ്യന്‍, സി.പി. നാരായണന്‍, റൊണാള്‍ഡ് സാപ, ഡാദന്‍ മിശ്ര, വിക്രം ഉസേന്തി, നാഗേന്ദ്ര സിങ്, നാഗേന്ദ്രകുമാര്‍ പ്രധാന്‍, പങ്കജ് ചൗധരി, ഇ.ടി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളവര്‍.

ഇരവികുളം നാഷനല്‍ പാര്‍ക്കിന്റെ ഭാഗമായ രാജമലയും സംഘം സന്ദര്‍ശിക്കുന്നുണ്ട്. ബി.ജെ.പി സംസ്ഥാന നേതൃത്വവും കേന്ദ്രത്തില്‍ പരാതി നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ ബി.ജെ.പി എം.പിമാരും മൂന്നാര്‍ സന്ദര്‍ശിക്കുന്നുണ്ട്.