സുരക്ഷാ പരിശോധനയെന്ന പേരില്‍ ദേശീയ ഷൂട്ടിംഗ് താരങ്ങളെ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം തടഞ്ഞു നിര്‍ത്തി അവഹേളിച്ചു

single-img
10 May 2017

ന്യൂഡല്‍ഹി: ദേശീയ ഷൂട്ടിംഗ് താരങ്ങളെ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം തടഞ്ഞു നിര്‍ത്തി അവഹേളിച്ചു. ചൊവ്വാഴ്ച ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ചെക്ക് റിപ്പബ്ലിക്കിലെ പ്ലെസനില്‍ ഷൂട്ടിംഗ് ഗ്രാന്‍ഡ് പ്രീയിലും സൈപ്രസില്‍ ലോകകപ്പിലും പങ്കെടുത്തു മടങ്ങിയെത്തിയ താരങ്ങള്‍ക്കാണ് ദുരനുഭവം നേരിട്ടത്.

12 മണിക്കൂറിലധികം താരങ്ങളെ സുരക്ഷാ പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തി. ഇവരുടെ ബാഗുകളിലുണ്ടായിരുന്ന തോക്കുകളും വെടിയുണ്ടകളുമാണ് പ്രശ്‌നകാരണമായത്. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ഇവരുടെ യാത്രയും പ്രതിസന്ധിയിലായി.

അതേസമയം, വിമാനത്താവള അധികൃതരുടെ നടപടിയില്‍ ഒളിന്പിക്‌സ് ജേതാവ് അഭിനവ് ബിന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഷൂട്ടിംഗ് താരങ്ങള്‍ രാജ്യത്തിന്റെ പ്രതിനിധികളാണ് അവരോടുള്ള ഈ പെരുമാറ്റം മോശമായി പോയെന്നും ബിന്ദ്ര ട്വിറ്ററില്‍ കുറിച്ചു.