ബ്ലൂവെയ്ല്‍’ എന്ന ആത്മഹത്യാ ഗെയിമില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന അഭ്യര്‍ത്ഥനയുമായി അനോണിമസ് ഹാക്ക്റ്റിവിസ്റ്റ് ഗ്രൂപ്പ്; കുട്ടികളെ അതികഠിനമായ ടാസ്കുകൾ ചെയ്യിപ്പിച് ആത്മഹത്യയ്ക്കു വരെ പ്രേരിപ്പിക്കുന്നതാണീ കൊലകൊല്ലി ഗെയിം

single-img
10 May 2017

ലോകമെമ്പാടും നൂറുകണക്കിന് കൗമാരക്കാരെ സ്വയം ജീവനെടുക്കാന്‍ പ്രേരിപ്പിച്ച ബ്ലൂവെയ്ല്‍ എന്ന ആത്മഹത്യാ ഗെയിമില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകകയാണ് അനോണിമസ് എന്ന ഓണ്‍ ലൈന്‍ ഹാക്ക്റ്റിവിസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍. കുട്ടികളെ അതികഠിനമായ ടാസ്കുകൾ ചെയ്യിപ്പിച് ആത്മഹത്യയ്ക്കു വരെ പ്രേരിപ്പിക്കുന്നതാണീ കൊലകൊല്ലി ഗെയിമിന്റെ രീതി.

കഴിഞ്ഞ വര്‍ഷം റഷ്യയില്‍ പ്രചാരത്തിലെത്തിയ ഈ വീഡിയോ ഗെയിം മൂലം 130 കൗമാരക്കാരാണ് തങ്ങളെ സ്വയം ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. ബ്ലൂ വെയ്ല്‍ എന്നത് ഒരു മൈന്‍ഡ് മാനിപ്പുലേറ്റിംഗ് ഗെയിമാണ്. അതായത് ഇത് കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് രീതി. 50 ദിവസമാണ് ഗെയിമിന്റെ കാലാവധി. ഗെയിം തുടങ്ങുമ്പോള്‍ തന്നെ ചില നിര്‍ദ്ദേശങ്ങളെത്തും. രാത്രി ഒറ്റയ്ക്ക് ഇരുന്ന് ഹൊറര്‍ സിനിമകള്‍ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയില്‍ മുറിവുണ്ടാക്കുക, രാത്രിയിലെ ചില പ്രത്യേക സമയങ്ങളില്‍ ഉണരുക എന്നിങ്ങനെയുള്ള ചലഞ്ചുകള്‍ ദിവസവും ഗെയിം കളിക്കുന്നയാളിനെത്തും. ഈ ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും വേണം. ഇല്ലെങ്കില്‍ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥര്‍ പറയുന്നു. ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അമ്പതാം ദിവസം ഗെയിമറോട് ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്.

അതേസമയം, ചലഞ്ച് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ഇതില്‍ നിന്നും പുറത്ത് പോകാനുമാകില്ല. ഈ ആപ്ലിക്കേഷന്‍ ഒരിക്കല്‍ സ്വന്തം ഫോണില്‍ ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ പിന്നീടൊരിക്കലും ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല. മാത്രവുമല്ല ഈ ആപ്പിലൂടെ മൊബൈലിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യുന്ന ഗെയിം ഡവലപ്പേഴ്‌സ് പിന്നീട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയും ചെയ്യും.

വെറോണിക വള്‍കോവ

യൂലിയ കോണ്‍സ്റ്റന്റിനോവ (15), വെറോണിക വള്‍കോവ (16) എന്നീ രണ്ട് സെര്‍ബിയന്‍ പെണ്‍കുട്ടികളാണ് വളരെ അപകടം പിടിച്ച ഈ ഗെയിമിലൂടെ കഴിഞ്ഞയാഴ്ച മരണത്തിന് കീഴടങ്ങിയത്. ഒരു ഭാഗത്ത് ഇതിനെതിരെയുള്ള അന്വഷണം നടക്കുമ്പോഴും സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ റഷ്യയില്‍ ഈ ഗെയിമിന് വന്‍ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.