കൊച്ചി മെട്രൊയുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു; ഒന്നിലധികം ട്രെയിനുകൾ ഉപയോഗിച്ചുളള സർവീസ് ട്രയലാണ് തുടങ്ങിയത്

single-img
10 May 2017

കൊച്ചി: കൊച്ചി മെട്രോയുടെ സർവീസ് ട്രയലിനു തുടക്കമായി. ഒന്നിലധികം ട്രെയിനുകൾ ഉപയോഗിച്ചുളള സർവീസ് ട്രയലാണ് തുടങ്ങിയത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുളള ഭാഗത്താണ് മുഴുവന്‍ സിഗ്നല്‍ സംവിധാനങ്ങളും ഉപയോഗിച്ചുളള പരീക്ഷണയോട്ടം ബുധനാഴ്ച രാവിലെ ആറു മുതൽ രണ്ട് ട്രാക്കുകളിലായി പുരോഗമിക്കുന്നത്.

രാത്രി 9.30 വരെയാണ് ട്രയല്‍ സര്‍വീസ്. വരും ദിവസങ്ങളില്‍ യാത്രക്കാരെ കയറ്റിക്കൊണ്ടുളള ട്രയല്‍ സര്‍വീസ് കൂടിയുണ്ടാകും. എല്ലാ സംവിധാനങ്ങളും പൂര്‍ണമായും തൃപ്തികരമാണെന്ന് ഉറപ്പാക്കുന്നതുവരെ സര്‍വീസ് ട്രയല്‍ തുടങ്ങും. തുടര്‍ന്ന് സര്‍വീസുകളുടെ സമയക്രമം ഉള്‍പ്പെടുത്തി ഷെഡ്യൂള്‍ തയ്യാറാക്കും.

വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് മെട്രോയുടെ സർവീസിൽ ആത്മവിശ്വാസം ലഭിക്കുന്നതുവരെ ട്രയലുകൾ തുടരും. ഏറ്റവും കുറഞ്ഞത് ഒരാഴ്ചയെങ്കിലും സർവീസ് ട്രയലുകൾ നടത്തേണ്ടിവരും. ഇത് പത്തുദിവസം വരെയാകാം. കഴിഞ്ഞയാഴ്ചയാണു സിഎംആർഎസിന്‍റെ അന്തിമസുരക്ഷാ പരിശോധനകൾ പൂർത്തിയായത്.

മൂന്നുകോച്ചുളള ആറു ട്രെയിനാകും തുടക്കത്തില്‍ സര്‍വീസ് നടത്തുക. രാവിലെ ആറുമുതല്‍ രാത്രി പതിനൊന്നുവരെ പത്ത് മിനിറ്റ് ഇടവിട്ടാകും സര്‍വീസ്. തിരക്ക് കുറവുളള സമയങ്ങളില്‍ ഈ ഇടവേള ദീര്‍ഘിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് ഉദ്ഘാടന സജ്ജമായത്. പതിനൊന്ന് സ്റ്റേഷനുകളാണ് ഇതിനിടയിലുളളത്. മിനിമം നിരക്ക് 10 രൂപ. ആലുവ മുതല്‍ കമ്പനിപ്പടി വരെ 20 രൂപ, കളമശേരി വരെ 30 രൂപ, ഇടപ്പളളി വരെ 40 രൂപ എന്നിങ്ങനെയാണ് പ്രാഥമികമായി നിരക്കുകള്‍ നിശ്ചയിച്ചിട്ടുളളത്.