ബൈജു കൊട്ടാരക്കരയുടെ വീടുപൂട്ടി മക്കളെ ഇറക്കിവിട്ട സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരെ നടപടിയുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

single-img
10 May 2017

കൊച്ചി: സിനിമാ സംവിധായകനും മാക്ട ജനറല്‍ സെക്രട്ടറിയുമായ ബൈജു കൊട്ടാരക്കരയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും മകനെയും വീട്ടില്‍നിന്ന് ഇറക്കിവിട്ട ബാങ്ക് മാനേജരോട് ഹാജരാവാന്‍ ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഫെഡറല്‍ ബാങ്കിന്റെ വരാപ്പുഴ ബ്രാഞ്ച് മാനേജരോട് ഈ മാസം 26ന് ആലുവ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ക്യാംപ് കോടതിയില്‍ നേരിട്ടു ഹാജരാകാനാണു കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവിട്ടത്. ബൈജു കൊട്ടാരക്കരയും അദ്ദേഹത്തിന്റെ മകളും സമര്‍പ്പിച്ച പരാതികളിലാണ് ഉത്തരവ്.

തന്റെ പേരില്‍ വരാപ്പുഴയിലുള്ള വസ്തുവിന്റെയും വീടിന്റെയും ഉടമസ്ഥാവകാശം ബൈജു കൊട്ടാരക്കര അദ്ദേഹത്തിന്റെ മക്കളുടെ പേരിലേക്കു കോടതി ഉത്തരവ് പ്രകാരം മാറ്റിയിരുന്നു. രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വത്താണ് ഇത്. ഇക്കഴിഞ്ഞ ഏപ്രില്‍ 26നു മക്കള്‍ പഠന പരിശീലനത്തിന്റെ ഭാഗമായി കോട്ടയത്തായിരിക്കുമ്പോള്‍ വീട് കുത്തിത്തുറന്നു വരാപ്പുഴ ഫെഡറല്‍ ബാങ്ക് വനിതാ മാനേജരും പുരുഷ ജീവക്കാരനും ചേര്‍ന്നു പുതിയ താക്കോലിട്ടു പൂട്ടിയതായി പരാതിയില്‍ പറയുന്നു.

ഏപ്രില്‍ 29നു വീട്ടില്‍ മടങ്ങിയെത്തിയ കുട്ടികളാണ് ഇക്കാര്യം ആദ്യം കണ്ടത്. ബൈജു സ്ഥലത്തുണ്ടായിരുന്നില്ല. കുട്ടികള്‍ വീട്ടിലെത്തിയപ്പോള്‍ ബാങ്ക് നിയോഗിച്ച കാവല്‍ക്കാരനും മാനേജരും വീടിനു മുമ്പിലുണ്ടായിരുന്നു. വീട് ബാങ്ക് ജപ്തി ചെയ്തു എന്നാണു മാനേജര്‍ കുട്ടികളെ അറിയിച്ചത്. തങ്ങള്‍ക്കു തല്‍കാലം താമസിക്കാന്‍ മറ്റൊരു സ്ഥലമില്ലെന്നു പറഞ്ഞപ്പോള്‍ ജപ്തിക്കായി ബാങ്ക് നിയോഗിച്ചിരിക്കുന്ന ഗുണ്ടകളെ വിളിച്ചുവരുത്തുമെന്നു ഭീഷണിപ്പെടുത്തി. ഇതെല്ലാം കണ്ടു മകള്‍ തളര്‍ന്നു വീണു. സഭ്യമല്ലാത്ത ഭാഷയില്‍ മാനേജരും ജീവനക്കാരനും സംസാരിച്ചതായും പരാതിയില്‍ പറയുന്നു.

ഒറ്റയ്ക്കു താമസിക്കുന്ന മക്കള്‍ക്കോ തനിക്കോ സംസാരിക്കാന്‍ പോലും ഒരവസരം ബാങ്ക് മാനേജര്‍ അനിതയും ജീവനക്കാരനായ ഷിന്റോയും നല്‍കിയില്ലെന്ന് ബൈജു കൊട്ടാരക്കര പരാതിയില്‍ പറഞ്ഞു.

പരാതി സത്യമാണെങ്കില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് നടപടിക്രമത്തില്‍ നിരീക്ഷിച്ചു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് വീട് കുത്തിപൊട്ടിച്ച് പുതിയ താക്കോലിട്ട് പൂട്ടിയത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. വരാപ്പുഴ ഫെഡറല്‍ ബാങ്ക് ശാഖാ മാനേജര്‍ മേയ് 26 ന് നടക്കുന്ന സിറ്റിങ്ങില്‍ വിശദീകരണം സമര്‍പ്പിക്കണം.