കുല്‍ഭൂഷന്റെ വധശിക്ഷയില്‍ അന്താരാഷ്ട്ര കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും; മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് കേസില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹാജരാകുന്നത്

single-img
10 May 2017

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് കേസില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹാജരാകുന്നത്. വിധി സ്റ്റേ ചെയ്യണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച കോടതി വാദം കേള്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് ഹേഗിലെ അന്താരാഷ്ട്ര കോടതി വധശിക്ഷ സ്റ്റേ ചെയ്തത്. ഇക്കാര്യം അറിയിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് കോടതി നോട്ടീസ് അയച്ചു.

അതേസമയം, തിങ്കളാഴ്ച വാദം തുടങ്ങാനിരിക്കെ വധശിക്ഷയ്ക്കുള്ള സ്റ്റേ ലംഘിക്കരുതെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. ജാദവിനെ കാണാനുള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ അപേക്ഷ 16 തവണ പാക്കിസ്ഥാന്‍ നിഷേധിച്ചിരുന്നു. ശരിയായ വിചാരണ നടത്താതെയാണ് ശിക്ഷ വിധിച്ചതെന്നും ഇന്ത്യ നേരത്തേ വിമര്‍ശിച്ചിരുന്നു.

ഇന്ത്യന്‍ നാവിക സേനയില്‍ നിന്നു കമാന്‍ഡറായി റിട്ടയര്‍ ചെയ്ത കുല്‍ഭൂഷണ്‍ ജാദവിനെ ചാരവൃത്തിക്കുറ്റം ചുമത്തിയാണ് പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പാക് പ്രവിശ്യയായ ബലൂചിസ്ഥാനില്‍ നിന്നുമാണ് ജാദവിനെ പാക്കിസ്ഥാന്‍ പിടികൂടിയത്.

അന്താരാഷ്ട്ര കോടതി വധശിക്ഷ വിലക്കിയിട്ടും കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ചതിനെ പാക്കിസ്ഥാന്‍ ന്യായീകരിക്കുകയാണ്. രാജ്യാന്തര നീതിന്യായ കോടതി അധികാര പരിധി ലംഘിച്ചെന്നും പാക്കിസ്ഥാന്റെ അധികാര പരിധിയില്‍പ്പെടുന്ന വിഷയമാണിതെന്നുമാണ് പാക്ക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് അസിഫിന്റെ പ്രതികരണം.