നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയുടെ വസ്ത്രമുരിഞ്ഞ് പരിശോധന: പ്രിന്‍സിപ്പല്‍ മാപ്പ്പറയണമെന്ന് സിബിഎസ്ഇ

single-img
9 May 2017

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയുടെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയ കണ്ണൂര്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ മാപ്പ്പറയണമെന്ന് സിബിഎസ്ഇ. കണ്ണൂരിലെ ടിസ്‌ക് സ്‌കൂളിലുണ്ടായ സംഭവം തികച്ചും നിര്‍ഭാഗ്യകരമാണ്. സ്ത്രീ ജീവനക്കാരുടെ അമിതാവേശമാണ് വീഴ്ചയ്ക്കു കാരണം. പരീക്ഷാ നടപടിക്രമങ്ങള്‍ സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പ്രകാരമാണെന്നും സിബിഎസ്ഇ അധികൃതര്‍ പറഞ്ഞു.

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളെ അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ചു പരിശോധിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് നാല് അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിഐഎസ്‌കെ (ടിസ്‌ക്) ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെയും ഇതേ മാനേജ്മെന്റിനു കീഴിലെ തൊട്ടടുത്ത സ്‌കൂളിലെയും അധ്യാപകരായ ഷീജ, ഷഫീന, ബിന്ദു, ഷാഹിന എന്നീ അധ്യാപികമാരെയാണ് സസ്പെന്‍ഡ് െചയ്തത്. ദേഹപരിശോധനയ്ക്കു നേതൃത്വം നല്‍കിയ നാല് അധ്യാപികമാരെയും അന്വേഷണ വിധേയമായി ഒരുമാസത്തേക്കു സസ്പെന്‍ഡ് ചെയ്തതായി മാനേജ്മെന്റ് അറിയിക്കുകയായിരുന്നു.

ഡ്രസ് കോഡ് അടക്കമുള്ള മാനദണ്ഡങ്ങള്‍ ബുള്ളറ്റിനിലും, വെബ്സൈറ്റിലും, അഡ്മിറ്റ് കാര്‍ഡിലും, ഇമെയിലിലും എസ്എംഎസ് മുഖേനയും വിദ്യാര്‍ഥികളെ അറിയിച്ചിരുന്നുവെന്നും സിബിഎസ്ഇ പറഞ്ഞു. അതേസമയം, പരീക്ഷ നടത്തിപ്പുകാര്‍ക്കെതിരെ സി.ബി.എസ്.സിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കണ്ണൂരിലെ രക്ഷിതാക്കള്‍. കണ്ണൂര്‍ ആര്‍മി സ്‌കൂളിലും പയ്യന്നൂരിലെ സ്വകാര്യ സ്‌കൂളിലും പരീക്ഷക്കെത്തിയവരാണ് മാനസീകപീഡനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പയ്യന്നൂരില്‍ പരീക്ഷക്കെത്തിയ മകളുടെ ജീന്‍സിന്റെ ബട്ടണ്‍ മാറ്റിപ്പിക്കുകയും പിന്നീട് ജീന്‍സ് ധരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തുവെന്ന് രക്ഷിതാക്കള്‍ പറയുന്നു.ജീന്‍സില്‍ മെറ്റല്‍ വസ്തുക്കള്‍ കണ്ടെത്തിയതോടെയാണ് അധികൃതര്‍ പരീക്ഷക്ക് തൊട്ടുമുമ്പ് വസ്ത്രം മാറ്റാന്‍ വിദ്യാര്‍ഥിനികളോടെ ആവശ്യപ്പെട്ടത്.

പയ്യന്നൂര്‍ സെന്ററില്‍ പരീക്ഷക്കെത്തിയ ചിലവിദ്യാര്‍ഥിനികളുടെ അടിവസ്ത്രം വരെ അഴിപ്പിച്ചതായും പരാതിയുണ്ട്. പരിശോധനക്കിടെ അടിവസ്ത്രത്തില്‍ നിന്ന് മെറ്റല്‍ കൊണ്ടുള്ള ക്ലിപ്പുകള്‍ കണ്ടെത്തിയതോടെ അടിവസ്ത്രം അമ്മയെ ഏല്‍പ്പിച്ച് ഒരു കുട്ടിക്ക് പരീക്ഷക്കിരിക്കേണ്ടി വന്നു. കരഞ്ഞ് മാനസീകമായി തളര്‍ന്നാണ് കുട്ടികള്‍ പരീക്ഷ എഴുതിയതെന്നും പലസെന്ററുകളിലും സിബിഎസ്.സി.യുടെ നിര്‍ദേശങ്ങള്‍ പലരീതിയിലാണ് നടപ്പിലാക്കിയതെന്നും രക്ഷിതാക്കള്‍ പറയുന്നു. ആര്‍മി സ്‌കൂളില്‍ പര്‍ദധരിച്ചെത്തിയ കുട്ടിക്ക് അരമണിക്കൂറിന് ശേഷം പ്രവേശനം നല്‍കിയതും രക്ഷിതാക്കള്‍ ചോദ്യം ചെയ്തിരുന്നു