കെ എം മാണി പ്രതിയായ ബാര്‍കോഴക്കേസ് അവസാനിപ്പിക്കുന്നു; കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ല

single-img
9 May 2017

തിരുവനന്തപുരം: കെ എം മാണി പ്രതിയായ ബാര്‍കോഴക്കേസ് അവസാനിപ്പിക്കുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇനിയും ലഭിക്കാത്തതിനാലാണ് വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. കെഎം മാണിയെ പ്രതിയാക്കി കുറ്റപത്രം നല്‍കാന്‍ മതിയായ തെളിവില്ല എന്ന് കാണിച്ച് യുഡിഎഫ് ഭരണകാലത്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയ കേസ് വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് വന്നതോടെ വീണ്ടും അന്വേഷണമായി.

എന്നാല്‍ ബാര്‍കോഴ ആരോപണം പുറത്തുവിട്ട ബിജു രമേശും ഡ്രൈവര്‍ അമ്പിളിയും ആദ്യം നല്‍കിയ വിവരങ്ങളല്ലാതെ വേറെയൊന്നും നല്‍കിയില്ല. കെഎം മാണിക്ക് പണം എത്തിച്ച് നല്‍കിയവരെന്ന് ബിജു രമേശ് പേരെടുത്ത് പറഞ്ഞവരെല്ലാം അത് നിഷേധിച്ചു. ഇതിന് പിന്നാലെ തുടരന്വേഷണത്തിന് കോടതിയില്‍ അപേക്ഷ നല്‍കിയത്. തെളിവില്ലെന്ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കിയ എസ്പി എസ് സുകേശനെ മാറ്റി പുതിയ അന്വേഷണ ഉദ്യോഗസ്ഥനെയും വച്ചു. മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനും നിലപാട് അറിയിച്ചെങ്കിലും കേസ് അവസാനിപ്പിക്കാന്‍ ജേക്കബ് തോമസ് അനുമതി നല്‍കിയിരുന്നില്ല.