സുനന്ദയുടെ മരണത്തില്‍ ഒന്നും ഒളിക്കാനില്ല,കാര്യങ്ങള്‍ വളച്ചൊടിക്കരുത്; മാധ്യമങ്ങള്‍ ജുഡീഷ്യറിയുടേയും പൊലീസിന്റേയും ജോലി ചെയ്യേണ്ടതില്ലെന്നും ശശി തരൂര്‍ 

single-img
9 May 2017
തിരുവനന്തപുരം: ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കൊന്നും ഒളിക്കാനില്ലെന്ന് ശശി തരൂര്‍ എംപി. സ്വകാര്യ ദുഖത്തെ മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നത് ശരിയല്ലെന്നും തരൂര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് തന്നെ വിചാരണ ചെയ്യാന്‍ അവകാശമില്ലെന്നും ജുഡീഷ്യറിയുടേയും പൊലീസിന്റേയും ജോലി ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രദ്ധ നേടാനുള്ള പുതിയ ചാനലിന്റെ ശ്രമമാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അര്‍ണബ് ഗോസ്വാമിയുടെ ‘റിപ്പബ്ലിക്കി’നെ ലക്ഷ്യമിട്ട് തരൂര്‍ പറഞ്ഞു.
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷമായി പൊലീസ് കേസന്വേഷിക്കുന്നുണ്ട്. അന്വേഷണത്തില്‍ പൂര്‍ണമായും താന്‍ സഹകരിച്ചിട്ടുണ്ട്. തനിക്കെതിരായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്നതിന് രാജ്യത്ത് നിയമ സംവിധാനമുണ്ട്. തീരുമാനമെടുക്കാന്‍ അനുവദിക്കുകയാും പൊലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് വാര്‍ത്തകള്‍ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ ജഡ്ജിമാരാകേണ്ട.ധാര്‍മികത ലവലേശമില്ലാത്ത, ജേണലിസ്റ്റ് എന്ന് അവകാശപ്പെടുന്നയാളാണ് തെറ്റായ ആരോപണങ്ങള്‍ സംപ്രേക്ഷണം ചെയ്തിരിക്കുന്നതെന്നും സ്വന്തം നേട്ടത്തിനും മാധ്യമത്തിന്റെ പ്രചാരത്തിനുമായി ഒരു ദുരന്തം ഉപയോഗിക്കുന്നതില്‍ ഇയാളോട് അതിയായ പ്രതിഷേധമുണ്ടെന്നും ശശി തരൂര്‍ നേരത്തെ അര്‍ണബിനെതിരായി പറഞ്ഞിരുന്നു.
സുനന്ദ പുഷ്‌കര്‍ കേസില്‍ വഴിത്തിരിവാകുമെന്ന് അവകാശപ്പെട്ട ഫോണ്‍സംഭാഷണവുമായി അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയാണ് രംഗത്ത് വന്നത്. സുനന്ദ മരിച്ചു കിടന്ന മുറിയുടെ നമ്പര്‍ 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണമാണ് ചാനല്‍ പുറത്തുവിട്ടത്. ലീല ഹോട്ടലിലെ 345ാം മുറിയിലാണ് സുനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. റിപ്പബ്ലിക് ടിവി പുറത്തുവിട്ട ശശി തരൂരിന്റെ വിശ്വസ്തന്റെ ഫോണ്‍ സംഭാഷണത്തില്‍ മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് വരെ സുനന്ദ 307ാം നമ്പര്‍ മുറിയിലാണെന്നാണ് പറയുന്നത്.