വൃത്തിഹീനമായ ഫ്‌ളാറ്റില്‍ അമ്മ പതിനേഴുകാരിയെ പൂട്ടിയിട്ടു; വിവരമറിഞ്ഞെത്തിയ പോലീസ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

single-img
8 May 2017

ന്യൂഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയിലെ മാണ്ഡാവാലി പ്രദേശത്ത് വൃത്തിഹീനമായ ഫ്‌ളാറ്റില്‍ അമ്മ പതിനേഴുകാരിയെ പൂട്ടിയിട്ടു. കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. രണ്ട് മുറികളുള്ള ഫ്‌ളാറ്റില്‍ ഒരു സോഫയില്‍ കിടന്നാണ് കുട്ടി ഉറങ്ങിയിരുന്നത്. രണ്ട് നേരം ഭക്ഷണം ലഭിക്കുന്നുണ്ടായിരുന്നു. ആശുപത്രിയില്‍ കൗണ്‍സിലിംഗിന് വിധേയയായ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് ഫ്‌ളാറ്റില്‍ തനിച്ച് താമസിച്ചതെന്നാണ് മൊഴി നല്‍കിയത്. എന്നാല്‍ അമ്മയാണ് കുട്ടിയെ അവിടെ താമസിപ്പിച്ചിരുന്നതെന്നാണ് അയല്‍ക്കാരുടെ ആരോപണം.

കുട്ടിയുടെ അച്ഛനും അമ്മയും വിവാഹമോചിതരായ ശേഷം ഇരുവരും തമ്മില്‍ നഷ്ടപരിഹാര തുകയ്ക്കായി നിയമപോരാട്ടം നടക്കുകയാണ്. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ്. മൂത്തമകള്‍ അമ്മയ്ക്കൊപ്പം മറ്റൊരു ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയാണ്. പൊലീസ് എത്തിയപ്പോള്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആദ്യം ഫ്‌ളാറ്റ് തുറക്കാന്‍ കുട്ടിയുടെ അമ്മ തയ്യാറായിരുന്നില്ല. അമ്മയ്ക്ക് എതിരെ കുട്ടി ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.