ഉത്തര്‍പ്രദേശില്‍ ശബ്ദമലിനീകരണം ചോദ്യം ചെയ്തത ദളിതര്‍ക്ക് നേരെ സവര്‍ണ ആക്രമണം; വെള്ളിയാഴ്ച്ച ദളിതര്‍ക്ക് നേരെ സവര്‍ണജാതിക്കാരായ താക്കൂര്‍മാര്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

single-img
8 May 2017

ലക്‌നൗ: ലക്‌നൗവിലെ ശഹരണ്‍പൂരില്‍ രജപുത്ര രാജാവായ മഹാറാണാ പ്രതാപിന്റെ അനുസ്മരണ റാലിക്കിടെ ശബ്ദമലിനീകരണം നടത്തിയത് ചോദ്യം ചെയ്ത ദളിതരെ ആകമിച്ചതില്‍ പ്രതിഷേധിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. തങ്ങളെ ആക്രമിച്ച സവര്‍ണര്‍ക്കെതിരെ നടപടിയെടുക്കമെന്നാവശ്യപ്പെട്ട് ദളിത് വിഭാഗത്തില്‍ പെട്ടവര്‍ വന്‍ പ്രതിഷേധറാലി നടത്തി. ക്രമസമാധാനനില പരിശോധിക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് മേധാവി സുല്‍ക്കാല്‍ സംഘര്‍ഷസ്ഥലത്ത് നേരിട്ടെത്തും.

വെള്ളിയാഴ്ച്ച ദളിതര്‍ക്ക് നേരെ സവര്‍ണജാതിക്കാരായ താക്കൂര്‍മാര്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രജപുത്ര രാജാവായ മഹാറാണാ പ്രതാപിന്റെ അനുസ്മരണ റാലിക്കിടെ ശബ്ദമലിനീകരണം നടത്തിയത് ദളിതര്‍ ചോദ്യം ചെയ്തതാണ് താക്കൂര്‍ വിഭാഗക്കാരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ ദളിതര്‍ക്ക് നേരെ സംഘടിതാക്രമണം നടത്തുകയായിരുന്നു. സവര്‍ണര്‍ ദളിതരുടെ 25 വീടുകള്‍ക്ക് തീവെയ്ക്കുകയും ചെയ്തു. ശഹരണ്‍പൂരില്‍ സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമ ഇവര്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ശരണ്‍പൂര്‍ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് യുപി പൊലീസ് മേധാവി സുല്‍ഖാന്‍ സിങ് പറഞ്ഞു. സംഘര്‍ഷത്തില്‍ ഉള്‍പെട്ടവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആരെയും വെറുതെ വിടില്ലെന്നും സുല്‍ഖാന്‍ സിങ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ നാല് എഫ്‌ഐആര്‍ സവര്‍ണവിഭാഗക്കാരുടെ പരാതിപ്രകാരമാണ്. ദളിതര്‍ നല്‍കിയ പരാതിയില്‍ ഒന്നും പൊലീസ് സ്വമേധയാ ഫയല്‍ ചെയ്തതുമാണ് മറ്റുപരാതികള്‍.

യോഗി ആദിത്യനാഥിന്റെ ഭരണം പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ മസൂദ് ആരോപിച്ചു. സര്‍ക്കാര്‍ കാവി പ്രീണനം നടത്തുകയാണെന്ന് ബിഎസ്പി നേതാവ് മായാവതിയും പറഞ്ഞു.