സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

single-img
8 May 2017

തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെതിരായ കേസില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും കോടതി 25,000 രൂപ പിഴ ചുമത്തി എന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ 25,000 അടയ്ക്കാനാണ് പറഞ്ഞത്. പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്തി പറഞ്ഞു. സെന്‍കുമാര്‍ കേസിലെ വിധി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ചചെയ്യേണ്ട കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സെന്‍കുമാറിനെ നിയമിക്കണമെന്ന ഉത്തരവില്‍ ആവശ്യമായ വിശദീകരണം തേടുകമാത്രമാണ് ചെയ്തത്. ഇങ്ങനെ ഒരു ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. സെന്‍കുമാറിനെ മാറ്റിയത് തക്കതായ കാരണമുള്ളതിനാലാണ്. സര്‍ക്കാരിന്റെ സാമാന്യബുദ്ധിക്ക് നിരക്കുന്ന കാര്യമാണ് ചെയ്തത്. ഇതില്‍ കോടതിയലക്ഷ്യം ഉണ്ടായിട്ടില്ല. സാധാരണ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് സംഭവിച്ചത്. കോടതി വിധിയോട് അരു ഘട്ടത്തിലും സര്‍ക്കാര്‍ അനാദരവ് കാട്ടിയിട്ടില്ല. മുഖത്തടി കിട്ടിയിത് ഈ സര്‍ക്കാരിനല്ല, കഴിഞ്ഞ സര്‍ക്കാരിനാണ് തുടര്‍ച്ചയായി തിരിച്ചടികള്‍ കിട്ടിയത്.

സെന്‍കുമാറിനെ നിയമിക്കാനുള്ള ഉത്തരവ് പാലിക്കാതെ അതിനെ ചോദ്യം ചെയ്തതിന് സര്‍ക്കാരിനെതിരെ പിഴ ചുമത്തിയത് സംസ്ഥാനത്തിന് ആകെ അപമാനമാണെന്ന് വിഷയം ഉന്നയിച്ച പ്രതിപക്ഷം കുറ്റപ്പെടുത്തി. വ്യക്തതാവരുത്തല്‍ ഹര്‍ജിയുമായി പോയി പിഴ വിധിക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. ഇത് നാടിന് അപമാനമുണ്ടാക്കി. ഉപദേഷ്ടാക്കളെല്ലാം കൂടി ഉപദേശിച്ച് ഒരുവഴിക്കാക്കിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.