തങ്ങള്‍ക്ക് ദയാവധം വേണം; പ്രധാനമന്ത്രിക്ക് യുപിയിലെ കരിമ്പ് കര്‍ഷകരുടെ കത്ത്,  ഐ എസ് എം എ കണക്ക് പ്രകാരം കർഷകർക്ക് ആകെ കിട്ടാനുള്ളത് 4,135 കോടി രൂപ

single-img
8 May 2017

ലഖ്‌നൗ: ദയാവധം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും യുപിയിലെ കരിമ്പ് കര്‍ഷകരുടെ കത്ത്. 15 ദിവസത്തിനുള്ളില്‍ കരിമ്പ് കര്‍ഷകര്‍ക്ക് പണം ലഭിക്കത്തക്കവിധത്തലുള്ള നടപടി എടുക്കണമെന്നാണ് ഭഗ്പത്തിലെ കര്‍ഷകര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം 16ാം ദിവസം ആത്മഹത്യ ചെയ്യുമെന്നും കര്‍ഷകര്‍ പറഞ്ഞു.

കഴിഞ്ഞ തവണ ഭഗ്പത്തിലെ കര്‍ഷകര്‍ക്ക് നല്ല വിളവ് ലഭിച്ചെങ്കിലും പണം ലഭിച്ചിട്ടില്ല. ഇത്തവണ വിത്തിറക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. വിവാഹം പോലും നടക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. കൃഷി മുടങ്ങുന്നതിനൊപ്പം കര്‍ഷക കുടുംബങ്ങള്‍ ദാരിദ്ര്യത്തിലാവുകയും ചെയ്തു. ബവാല്‍ ഗ്രാമവാസിയായ ധീര്‍ സിങ്ങാണ് തങ്ങളുടെ അവസ്ഥ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ആദ്യം കത്തെഴുതിയത്. മരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു കത്തില്‍. മറ്റ് കര്‍ഷകരും ധീര്‍ സിങ്ങിന്റെ പാത പിന്തുടര്‍ന്നു.

ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്റെ കണക്ക് പ്രകാരം ആകെ 4,135 കോടി രൂപയാണ് യുപിയിലെ കരിമ്പ് കര്‍ഷകര്‍ക്ക് കിട്ടാനുള്ളത്. ബജാജ് ഗ്രൂപ്പ് 2,285 കോടി രൂപയും മോഡി ഗ്രൂപ്പ് 462 കോടിയും കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. ഷുഗര്‍ മില്ലുകള്‍ 201516 വര്‍ഷത്തില്‍ 88.69 കോടി രൂപയാണ് നല്‍കാനുള്ളത്. 201415 വര്‍ഷത്തില്‍ ഇത് 40.11 കോടിയായിരുന്നു. ഇന്ത്യയിലെ ആകെ പഞ്ചസാര ഉല്‍പാദനത്തില്‍ 30 ശതമാനവും നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. കടക്കെണി മൂലം കഴിഞ്ഞ ഏതാനും മാസങ്ങളിലായി നിരവധി കരിമ്പ് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.