305 യാത്രക്കാരുമായി പോകുന്ന പാക് വിമാനത്തിന്റെ പൈലറ്റ് ബിസിനസ് ക്ലാസില്‍ കിടന്നുറങ്ങി; വിമാനം പറത്തിയത് ട്രെയിനി പൈലറ്റ്

single-img
8 May 2017

ഇസ്ലാമാബാദ്: ഇസ്ലാമാബാദില്‍ നിന്നും ലണ്ടനിലേക്ക് 305 യാത്രക്കാരെയും വഹിച്ച് പോയ പാക് വിമാനത്തിന്റെ പൈലറ്റ് ബിസിനസ് ക്ലാസില്‍ കിടന്നുറങ്ങി. കൂടെയുണ്ടായിരുന്ന ട്രെയിനി പൈലറ്റിന് വിമാനം കൈമാറിയാണ് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പ്രധാന പൈലറ്റ് അമീര്‍ അക്തര്‍ ഹാഷ്മി കിടന്നുറങ്ങിയത്.

രണ്ടരമണിക്കൂറോളം പ്രധാന പൈലറ്റ് കിടന്നുറങ്ങിയെന്നാണ് വിവരങ്ങള്‍. ഗുരുതരമായ അപകടത്തിലേക്ക് നയിക്കാവുന്ന പാക് പൈലറ്റിന്റെ അനാസ്ഥയെക്കുറിച്ച് യാത്രക്കാര്‍ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ബിസിനസ് ക്ലാസില്‍ കിടന്നുറങ്ങുന്ന പൈലറ്റിന്റെ ഫോട്ടോ നവമാധ്യമങ്ങളില്‍ വൈറലാണിപ്പോൾ.

യാത്രക്കാര്‍ പരാതിപ്പെട്ടെങ്കിലും പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഹാഷ്മിക്കെതിരെ നടപടിയെടുക്കാന്‍ ആദ്യഘട്ടത്തില്‍ വിസമ്മതിച്ചു എന്ന് പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം വിവാധമായതിനു ശേഷമാണ് പൈലറ്റിനെതിരെ നടപടിയിലേക്ക് എയര്‍ലൈന്‍ നീങ്ങിയത്. പൈലറ്റുമാരെ ട്രെയിന്‍ ചെയ്യുന്നതിന് മാസം ഒരുലക്ഷം രൂപ ശമ്പളം വാങ്ങുന്നയാളാണ് ഹാഷ്മി. ഡ്യൂട്ടി സമയത്ത് ഗുരുതരമായ വീഴ്ച്ച വരുത്തിയാണ് ഹാഷ്മി ബിസിനസ് ക്ലാസില്‍ കിടന്നുറങ്ങിയത്.