ബിഹാര്‍ രാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്താന്‍ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍; ലാലു പ്രസാദ് യാദവും ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട ഷഹാബുദ്ദീനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട് ചാനല്‍

single-img
6 May 2017

ആര്‍ജെഡി നേതാവും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവും കുപ്രസിദ്ധ ഗുണ്ടാ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഷഹാബുദ്ദീനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട് അര്‍ണാബ് ഗോസ്വാമിയുടെ നേതൃത്തിലുള്ള റിപ്പബ്ലിക് ചാനല്‍. ലാലു പ്രസാദ് യാദവിന് ജയിലിനുള്ളില്‍ നിന്നും ഷഹാബുദ്ദീന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഫോണ്‍ സംഭാഷണങ്ങളടങ്ങിയ ടേപ്പാണ് സംപ്രേഷണം തുടങ്ങി ആദ്യ ദിവസം തന്നെ ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. ടേപ്പ് പുറത്തുവിടാതിരിക്കാനായി നിരവധി തവണയാണ് ലാലുപ്രസാദ് തങ്ങളെ വിളിച്ചതെന്നും റിപ്പബ്ലിക് ചാനല്‍ അവകാശപ്പെടുന്നു.

ബിഹാറിലെ സിവാനില്‍ കലാപമുണ്ടായപ്പോള്‍ പൊലീസ് ഇടപെടലും വെടിവെപ്പുമുണ്ടായിരുന്നു. ഇതിനു നേതൃത്വം നല്‍കിയ പൊലീസ് സൂപ്രണ്ടിനെ മാറ്റണമെന്ന് ഷഹാബുദ്ദീന്‍ ലാലുവിന് നിര്‍ദ്ദേശം നല്‍കുന്ന ഫോണ്‍ സംഭാഷണമാണ് ചാനല്‍ ആദ്യം പുറത്തുവിട്ടത്. ജയിലിലുള്ള ഷഹാബുദ്ദീന്‍ ലാലുവിനെ നേരിട്ട് വിളിച്ചാണ് നിര്‍ദ്ദേശം നല്‍കുന്നത്. കലാപത്തിലെ പൊലീസ് ഇടപെടലാകാം ഷഹാബുദ്ദീനെ ചൊടിപ്പിച്ചതെന്ന് ചാനല്‍ പറയുന്നു.

ബിഹാറിലെ മദ്യനിരോധനത്തിനു ശേഷം മദ്യമാഫിയയ്‌ക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തണമെന്ന നിര്‍ദ്ദേശം നല്‍കുന്ന മറ്റൊരു ഫോണ്‍ സംഭാഷണവും ചാനല്‍ പുറത്തുവിട്ടു. മദ്യമാഫിയയ്‌ക്കെതിരെ നടപടിയെടുത്ത ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന് അനുയായി ഷഹാബുദ്ദീനെ അറിയിക്കുന്ന സംഭാഷണമാണിത്.

പക്ഷേ ബീഹാര്‍ മുഖ്യമന്തി നിതീഷ് കുമാര്‍ ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. ബീഹാറിലെ ഭരണ കൂട്ടാളികളായ ജെഡിയു-കോണ്‍ഗ്രസ് നേതാക്കളാരും തന്നെ സംഭവത്തില്‍പ്രതികരിച്ചിട്ടില്ലെന്ന് ചാനല്‍ തന്നെ വെളിപ്പെടുത്തുന്നു.

അതേ സമയം സംഭവത്തില്‍ പ്രതികരികരണവുമായി സുശീല്‍ കുമാര്‍ മോദി രംഗത്തെത്തി. ‘ കൊടും ക്രിമിനലായ ഷഹാബുദ്ധീനില്‍ നിന്നും നിന്നും ലാലു നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതെങ്ങനെയെന്ന് റിപ്പബ്ലിക്ക് ടിവി പുറത്തുവിട്ടിരിക്കുന്നു. ലാലുവും ശഹാബുദ്ധീനുമാണ് ബീഹാര്‍ ഭരിക്കുന്നതെന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും അദ്ദേഹം പ്രതികരിച്ചു. മാത്രമല്ല ലാലു പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും വിഷയത്തില്‍ ബിജെപി നേതാക്കള്‍ അടുത്തുതന്നെ സംസ്ഥാന ഗവര്‍ണറെ കാണുമെന്നും അദ്ദേഹം അറിയിച്ചു.

‘ആരാണ് ബീഹാര്‍ ഭരിച്ചുകൊണ്ടിരിക്കുന്നത്, മുഖ്യമന്തിയോ അതോ ലാലുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകളോ?’ ആണെന്നായിരുന്നു കേന്ദ്രമന്ത്രി രാംവിസാസ് പാസ്വാന്റെ മകനായ ലോക് ജനസാക്ഷി പാര്‍ട്ടി നേതാവിന്റെ പ്രതികരണം.

അതേ സമയം, ‘യാതൊരു അടിസ്ഥാനവുമില്ലാതെയുള്ള കെട്ടിച്ചമക്കലാണിതെന്നായിരുന്നു’ വാര്‍ത്തയ്‌ക്കെതിരെയുള്ള തെഹ്‌സീന്‍ പൂനാവാലയുടെ പ്രതികരണം.

എന്തുതന്നെയായാലും ബിഹാര്‍ രാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിന് വഴിവെക്കുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുടെ പിന്തുണയോടെയാണ് നിതീഷ് കുമാര്‍ ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. പക്ഷേ ംവിഷയത്തില്‍ നിതീഷ്‌കുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവം വിവാദമായ സാഹചര്യത്തില്‍ ബിഹാറിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.