‘താന്‍ എല്‍ഡിഎഫിലേക്കില്ല’;മാണിയുമായുള്ള വിയോജിപ്പ് തുറന്ന് പറഞ്ഞ് പിജെ ജോസഫ്

single-img
6 May 2017

കോട്ടയം: കെഎം മാണിയുമായി വിയോജിപ്പുണ്ടെന്നും താന്‍ എല്‍ഡിഎഫിലേക്കില്ലെന്നും വ്യക്തമാക്കി പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ്. അതേ സമയം യുഡിഎഫില്‍ തുടരുമെന്നും ജോസഫ് വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ വ്യക്തമാക്കുമെന്ന് പി.ജെ ജോസഫ് അറിയിച്ചു.

കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി സൂചനയുണ്ട്. മാണി ഗ്രൂപ്പിലെ ചില നേതാക്കളുടെ പിന്തുണയും ജോസഫിനുണ്ട്. കോട്ടയം ജില്ലാപഞ്ചായത്തില്‍ സിപിഎം പിന്തുണ സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഇ.എം അഗസ്തി തീരുമാനം പിന്‍വലിച്ചിട്ടുണ്ട്.

ഇന്നലെ കെഎം മാണി വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ പിജെ ജോസഫും മോന്‍സ് ജോസഫും പങ്കെടുത്തില്ല. എംഎല്‍എമാര്‍ അസൗകര്യം അറിയിച്ചതിനാല്‍ യോഗം ചേര്‍ന്നില്ലെന്നായിരുന്നു കെഎം മാണിയുടെ വിശദീകരണം.

പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രതിസന്ധി ചര്‍ച്ചചെയ്യുന്നതിന് ഇന്നലെ വൈകുന്നേരം ഏഴിനാണ് പാലായിലെ വസതിയില്‍ കെ.എം മാണി എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ യോഗം ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും പിജെ ജോസഫ്, മോന്‍സ് ജോസഫ്, സിഎഫ് തോമസ് എന്നിവര്‍ യോഗത്തിനെത്തിയിരുന്നില്ല. അസൗകര്യം മൂലമാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് ജോസഫ് ഇതിനു നല്‍കിയ വിശദീകരണം.