മുഖ്യമന്ത്രിക്ക് ഈ ബുദ്ധി ഉപദേശിച്ചുകൊടുത്ത ഉപദേശിയോടാണു നികുതിദായകര്‍ കടപ്പെട്ടിരിക്കുന്നത്; സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ചു ജോയി മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

single-img
6 May 2017

കോഴിക്കോട് : ഡിജിപി സ്ഥാനത്തുനിന്നും ടി.പി സെന്‍കുമാറിനെ നീക്കം ചെയ്ത സംഭത്തില്‍ തിരിച്ചടി നേരിട്ട സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ചുകൊണ്ട് നടനും സംവിധായകനുമായ ജോയി മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മാറി മാറി വരുന്ന ഗവണ്‍മ്മെന്റുകള്‍ തങ്ങളുടെ ചൊല്‍പ്പിടിക്ക് നില്‍ക്കുന്ന റാന്‍ മൂളികളായ ഉദ്യോസഥന്മാര്‍ക്ക് വേണ്ടി നിലവിലുള്ളവരെ പിടിച്ചുമാറ്റുന്ന പ്രവണത എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ സുപ്രീംകോടതിവിധി വരെ സമ്പാദിച്ചുകൊടുത്ത കേരള ഗവണ്‍മ്മെന്റിനെ അഭിനന്ദിച്ചേ മതിയാകൂ എന്നു പറഞ്ഞുകൊണ്ടാണ് ജോയ് മാത്യു തന്റെ പോസ്റ്റ് തുടങ്ങുന്നത്. ഇന്ത്യയിലാകമാനമുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്മാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയ ഈ ബുദ്ധി മുഖ്യമന്ത്രിക്ക് ഉപദേശിച്ചുകൊടുത്ത ഉപദ്ദേശിയോടാണു നാം നികുതിദായകര്‍ കൂടുതല്‍ കടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കേസ് നടത്താന്‍ സര്‍ക്കാരിന് വേണ്ടിവന്ന ചിലവ് എത്രയാണെന്നു കൂടി പൊതുജനത്തോടു പറഞ്ഞാല്‍ തങ്ങള്‍ക്കാവുന്ന രീതിയില്‍ സംഭാവന ചെയ്യാനും ഞങ്ങള്‍ ജനങ്ങള്‍ തയ്യാറാണെന്നും പറഞ്ഞാണ് ജോയ് മാത്യു തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ച സെന്‍കുമാറിനെ തല്‍സ്ഥാനത്തു വീണ്ടും നിയമിക്കാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഒപ്പിടുകയായിരുന്നു. മാത്രമല്ല കോടതി നടപടികള്‍ക്കായി ചെലവായ 25000 രൂപ പിഴയായി സര്‍ക്കാരിനോട് അടക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയായിരുന്നു ജോയ് മാത്യുവിന്റെ പോസ്റ്റ്