അയല്‍രാജ്യങ്ങളെ ഉള്‍പ്പടുത്തിയുള്ള ബഹിരാകാശ നയതന്ത്രം വിജയം; ഇന്ത്യയെ പ്രശംസിച്ച് ദക്ഷിണേഷ്യന്‍ നേതാക്കള്‍

single-img
6 May 2017

ന്യൂഡല്‍ഹി: അയല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇന്ത്യയുടെ ബഹിരാകാശ നയതന്ത്രത്തെ പ്രശംസിച്ച് വിവിധ ദക്ഷിണേഷ്യന്‍ നേതാക്കള്‍ . ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കു സൗജന്യമായി ഉപയോഗിക്കാനുള്ള കൃത്രിമോപഗ്രഹം നിര്‍മിച്ച് വിക്ഷേപിക്കാമെന്ന ആശയം മുന്നോട്ടുവച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചിരിക്കുകയാണ് ഗുണഭോക്താക്കളായ സാര്‍ക്ക് നേതാക്കള്‍.

ദക്ഷിണേഷ്യന്‍ സാറ്റലൈറ്റ് വിക്ഷേപണം പ്രകൃതിയെ കുറിച്ച് അറിയാനുള്ള സുപ്രധാന ചുവടുവയ്പാണെന്നാണ് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് മുഹമ്മദ് അഫ്‌റഫ് ഗനി വിലയിരുത്തിയത്. വികസനം ജനങ്ങള്‍ക്കു വേണ്ടിയാകണം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഭരണനേട്ടങ്ങള്‍ ലഭ്യമാകണം. പാവങ്ങള്‍ക്കും അധഃസ്ഥിതര്‍ക്കും ഏറെ ഗുണകരമാകും ഈ സഹകരണമെന്നും ഗനി പറഞ്ഞു.

ഈ സുപ്രധാന നിമിഷത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നുവെന്നായിരുന്നു ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രതികരണം. ഇന്ത്യക്കും പ്രധാനമന്ത്രി മോദിക്കും ബംഗ്ലദേശിന്റെ അഭിനന്ദനം, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ പുരോഗതിക്കു ദക്ഷിണേഷ്യന്‍ സാറ്റലൈറ്റ് സഹായകരമാകുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

സൗഹൃദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ഉദാഹരണമാണ് ഇന്ത്യയുടെ സമ്മാനമെന്നു ഭൂട്ടാന്‍ പ്രധാനമന്ത്രി ഷിറിങ് ടോഗ്‌ബെ. ഈ മേഖലയുടെ സമഗ്ര വളര്‍ച്ചക്കിത് സഹായിക്കും. ഭൂട്ടാന്‍ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യയുടെ വികസനത്തിനായി ദീര്‍ഘദര്‍ശനത്തോടെ പ്രവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ നന്ദി. പ്രാദേശിക സഹകരണത്തിനു വിക്ഷേപണം മുതല്‍ക്കൂട്ടാണെന്നും ടോഗ്‌ബെ പറഞ്ഞു.

അയല്‍ രാജ്യങ്ങളോടുള്ള ഇന്ത്യയുടെ പ്രഥമപരിഗണനയുടെ ഉദാഹരണമാണിതെന്ന് മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ അബ്ദുള്‍ ഗയൂം. സന്തോഷം നിറഞ്ഞ വേളയില്‍ പ്രധാനമന്ത്രിക്ക് മാലദ്വീപിന്റെ നന്ദി. പൊതുനന്മയ്ക്കും മികച്ച സാമ്പത്തിക അവസരങ്ങള്‍ക്കുമായി ഒരുമിച്ച് ജോലിചെയ്യാം. ‘സബ്കാ സാത്ത് സബ്കാ വികാസ്’ ഗയൂം പറഞ്ഞു.

സാറ്റലൈറ്റ് വിക്ഷേപണം നേപ്പാളിന്റെ പര്‍വത പ്രദേശത്തു ആശയവിനിമയത്തിനു സഹായിക്കുമെന്നു പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍. ഇന്ത്യക്കും മോദിക്കും അഭിനന്ദനമെന്നും അറിയിച്ചു. ദാരിദ്യം ഇല്ലാതാക്കാനും മേഖലയിലെ സമ്പദ് വ്യവസ്ഥ പോഷിപ്പിക്കാനും ഇന്ത്യയുടെ നിലപാട് സഹായിക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും അഭിപ്രായപ്പെട്ടു.

ചെറിയ ചെലവില്‍ ബഹിരാകാശ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി ലോകരാജ്യങ്ങളുടെ കയ്യടി നേടിയ ഇന്ത്യ, ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സഹകരണ സംഘമായ ‘സാര്‍ക്കി’നായി നിര്‍മിച്ച വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ‘സൗത്ത് ഏഷ്യ സാറ്റലൈറ്റ്’. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു സാര്‍ക്ക് രാജ്യങ്ങള്‍ക്കു വേണ്ടി ഉപഗ്രഹമെന്ന നിര്‍ദേശം ഐഎസ്ആര്‍ഒയ്ക്കു മുന്‍പില്‍ വച്ചത്.

ദുരന്ത നിവാരണ ഏകോപനം, വിദ്യാഭ്യാസ സേവനങ്ങള്‍, ആശയവിനിമയം, ടെലിമെഡിസിന്‍ തുടങ്ങിയ മേഖലകളില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണം സാധ്യമാക്കുന്ന വാര്‍ത്താവിനിമയ ഉപഗ്രഹമാണിത്. അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന ഉപഗ്രഹം ഇതാദ്യമാണ്. ബഹിരാകാശ ഗവേഷണ രംഗത്തെ സമാനതകളില്ലാത്ത നേട്ടങ്ങള്‍ അയല്‍രാജ്യങ്ങളുമായി സൗജന്യമായി പങ്കുവയ്ക്കുക എന്ന ഇന്ത്യയുടെ സ്വപ്നമാണ് ഇതോടെ പൂവണിഞ്ഞത്.

സാര്‍ക് രാജ്യങ്ങളില്‍ പാക്കിസ്ഥാന്‍ ഒഴികെ എല്ലാവരും ഇതിന്റെ ഭാഗമാണ്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, മാലദ്വീപ് എന്നീ രാജ്യങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകും. ‘സാര്‍ക് സാറ്റലൈറ്റ്’ എന്നാണ് ആദ്യം പേരിട്ടതെങ്കിലും പാക്കിസ്ഥാന്‍ പിന്മാറിയതോടെ ‘ദക്ഷിണേഷ്യന്‍ സാറ്റലൈറ്റ്’ എന്നാക്കി മാറ്റുകയായിരുന്നു.