പണിസാധനങ്ങളെന്ന മുഖ്യൻറെ വാദം പൊളിയുന്നു; മഹാരാജാസ് കോളേജില്‍ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങളെന്ന് എഫ്ഐആര്‍

single-img
6 May 2017

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പൊലീസ് കണ്ടെത്തിയത് മാരകായുധങ്ങളെന്ന് എഫ്ഐആര്‍. 15 ഇരുമ്പുദണ്ഡുകളും നാലു വടികളും ഒരു വാക്കത്തിയുമാണ് കണ്ടെത്തിയത്. മഹാരാജാസ് കോളേജില്‍ നിന്നും ആയുധം പിടിച്ചെടുത്തെന്ന വാര്‍ത്തയ്ക്ക് പുറമെ ഇത് പണി സാധനങ്ങളാണെന്നും വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്നുമാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെ സംബന്ധിച്ചു മറുപടി പറഞ്ഞത്.

കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ താമസത്തിനായി നല്‍കിയിട്ടുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് മുറിയിലെ കട്ടിലിനടിയില്‍ ഫ്ളക്സിൽ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത് ആറ് വാര്‍ക്ക കമ്പികള്‍, ചതുരാകൃതിയിലുള്ള ഇരുമ്പ് പൈപ്പ്, ചുവന്ന തുണി ചുറ്റിയ പൈപ്പ്, റബ്ബര്‍ചുറ്റുള്ള പൈപ്പ്, മൂന്ന് കുറുവടി, മൂന്നടി നീളമുള്ള മുളവടി, പലക കഷ്ണം, വെട്ടുകത്തി എന്നിവയായിരുന്നു. ബുധനാഴ്ച അധ്യാപകരുടെ ഹോസ്റ്റലിന്റെ ഒന്നാം നിലയിലെ 13,14,15 മുറികളാണ് കുട്ടികള്‍ക്ക് അനുവദിച്ചിരുന്നത്. ഇവിടെ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ മദ്ധ്യവേനല്‍ അവധിക്ക് പോയിരിക്കുകയാണ്. ഇതില്‍ 14 ാം നമ്പര്‍ മുറിയില്‍ നിന്നുമായിരുന്നു ആയുധങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഹോസ്റ്റലിന്റെ പിറകില്‍ നിന്നും ജനാലയിലേക്ക് ഏണി വെച്ചിരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു പരിശോധന നടന്നത്. ഈ മുറിക്ക് സമീപം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന കരാറുകാരനോട് ഒരു ലക്ഷം രൂപ എസ്എഫ്ഐ ക്കാര്‍ ആവശ്യപ്പെട്ടതായും പട്ടിക ജാതി വിഭാഗക്കാരനായ പ്രിന്‍സിപ്പലിന് നേരെയാണ് ആക്രമണം നടത്തിയതെന്നും ഇന്നലെ നിയമസഭയില്‍ പിടി തോമസ് എംഎല്‍എ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി കേട്ടാല്‍ വെട്ടുകത്തിയും കുറുവടിയും കുട്ടികളുടെ പഠനോപകരണങ്ങളാണെന്ന് തോന്നുമെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഹോസ്റ്റല്‍ മുറിയില്‍ നിന്നും പോലീസ് മാരകായുധങ്ങള്‍ കണ്ടെത്തിയപ്പോള്‍ എസ്എഫ്ഐ ക്കാര്‍ പ്രിന്‍സിപ്പലിനോട് കയര്‍ത്തതില്‍ നിന്നു തന്നെ അവരുടെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.