മഹാരാജാസ് കോളേജില്‍ നിന്നും വടിവാളോ, ബോംബോ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി; മുഖ്യമന്ത്രി അക്രമകാരികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് പിടി തോമസ് എംഎല്‍എ

single-img
5 May 2017

തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ നിന്നും വടിവാളോ, ബോംബോ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മഹാരാജാസില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ നിയമസഭയില്‍ ചര്‍ച്ച നടന്നു. കലാലയങ്ങളെ ആയുധകേന്ദ്രങ്ങളാക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ടി. തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ സഭയില്‍ ചര്‍ച്ച ചെയ്യേണ്ട പ്രാധാന്യം വിഷയത്തിനില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

അതേസമയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാര്‍ക്ക കമ്പി, പലക, വെട്ടുകത്തി, ഏണി എന്നിവയാണ് കോളെജില്‍ നിന്നും കണ്ടെടുത്തത്. വിദ്യാര്‍ത്ഥികള്‍ വേനലവധിക്ക് പോയപ്പോള്‍ മറ്റാരെങ്കിലും കൊണ്ടുവെച്ചതാകാം ഇതെന്നും പിണറായി വിജയന്‍ പറഞ്ഞു. അല്ലാതെ മാരകായുധങ്ങള്‍ മഹാരാജാസ് കോളേജില്‍ നിന്നും കണ്ടെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വിശദമാക്കി. ഇതിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി അക്രമകാരികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും മഹാരാജാസ് കോളേജ് ക്രിമിനലുകളുടെ താവളമായി മാറിയിരിക്കുകയാണെന്നും പിടി തോമസ് എംഎല്‍എ പറഞ്ഞു. മേയ് മൂന്ന് ബുധനാഴ്ചയാണ് മഹാരാജാസ് കോളെജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തത്. ക്വാര്‍ട്ടേഴ്സിലെ മൂന്നു മുറികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനായി നല്‍കിയിരുന്നു. ഇവിടെ നിന്നുമാണ് രണ്ടു മീറ്ററോളം നീളമുളള നാലു ഇരുമ്പുവടികളും നാലു തടി വടികളും ഒരു ഇരുമ്പ് വാക്കത്തിയും പിടിച്ചെടുത്തത്.

പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായ രണ്ടു വിദ്യാര്‍ത്ഥികള്‍ പൊലീസിന്റെ പരിശോധനയ്ക്കെതിരെ പ്രിന്‍സിപ്പലിനോട് കയര്‍ത്ത് സംസാരിച്ചിരുന്നു. ഇവരുള്‍പ്പെടെയുളള മുറിയില്‍ താമസിച്ചിരുന്ന ആറു വിദ്യാര്‍ത്ഥികളെ പൊലീസ് ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വിവരങ്ങള്‍.
ജില്ലയ്ക്ക് പുറത്തുളള ഇവരോട് എത്രയും പെട്ടെന്ന് സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോളെജ് പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് പൊലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ പരിശോധന നടത്തിയത്. ആയുധശേഖരം കണ്ടെടുത്ത സംഭവത്തില്‍ എത്രയുംപെട്ടെന്ന് കുറ്റക്കാരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇടത് അനുകൂല അധ്യാപക സംഘടനയായ എകെജിസിടിയും രംഗത്തെത്തിയിട്ടുണ്ട്.