ബിജെപിയെ പ്രശംസിച്ച വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസ അന്‍വറിനെതിരെ നടപടിക്കു സാധ്യത

single-img
5 May 2017


തിരൂര്‍: ബിജെപിക്ക് വിജയാശംസകള്‍ നേര്‍ന്ന് അനുമോദനം നടത്തിയ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസ അന്‍വറിനെതിരെ പാര്‍ട്ടി തലത്തില്‍ നടപടിക്ക് സാധ്യത. പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ ഖമറുന്നിസയോടു തിരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഖമറുന്നിസയുടെ നിലപാട് അണികള്‍ക്കിടയില്‍ ശക്തമായ അമര്‍ഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയ സാഹചര്യത്തിലാണ് നേതാക്കള്‍ ബന്ധപ്പെട്ട് പ്രസ്താവന തിരുത്താന്‍ നിര്‍ദേശം നല്‍കിയത്.

ബിജെപിയുടെ പ്രവര്‍ത്തനഫണ്ട് വിതരണോദ്ഘാടനം നടത്തിയ ശേഷം വിജയാശംസകള്‍ നേര്‍ന്നു ബിജെപിയെ അനുമോദിച്ചതായിരുന്നു വനിതാ ലീഗ് സംസ്ഥാന അധ്യക്ഷയും സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ് അധ്യക്ഷയുമായ ഖമറുന്നീസാ അന്‍വറിനെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്ന് അമര്‍ഷം ഉയരാന്‍ ഇടയാക്കിയത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു ബിജെപി സംസ്ഥാന ഫണ്ട് ശേഖരണത്തിന്റെ തിരൂര്‍ മണ്ഡലംതല ഉദ്ഘാടനം ഖമറുന്നിസയുടെ വസതിയില്‍ വച്ച് നടന്നത്. പരിപാടിയുടെ കവറേജിനായി മാധ്യമങ്ങളെയെല്ലാം ബിജെപി നേതാക്കള്‍ നേരത്തേ വിളിച്ചുവരുത്തിയിരുന്നു.

കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ബിജെപി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ബിജെപി ജനങ്ങള്‍ക്കു വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ബിജെപിക്ക് സര്‍വവിധ വിജയാശംസകളും നേരുന്നുവെന്നുമാണ് ഖമറുന്നീസ പറഞ്ഞത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി എനിക്കു കഴിയുന്ന ചെറിയ ഫണ്ട് ഞാന്‍ നല്‍കുന്നുവെന്നു ഖമറുന്നിസ കൂട്ടിച്ചേര്‍ത്തു. ലീഗിന്റെ ശക്തി കോട്ടയില്‍ നിന്നു വനിതാ ലീഗ് അധ്യക്ഷ ഫണ്ട് കൈമാറിക്കൊണ്ട് പ്രശംസിച്ചത് മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ വലിയ കരുത്തായി കാണുന്നതായി ബിജെപി നേതാക്കളും പ്രതികരിച്ചു.

നേരത്തെ വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യത്തിനും ബീഫ് വിഷയത്തിലും ഖമറുന്നിസ സംഘപരിവാരിനെതിരെ നിലപാട് കടുപ്പിച്ചു രംഗത്തു വന്നിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം മറന്നു പ്രശംസിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ്. ബിജെപി സംസ്ഥാന സമിതിയംഗം എം.കെ ദേവീദാസന്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ മനോജ് പാറശേരി, ബിജെപി നേതാക്കളായ സുനില്‍ പരിയാപുരം, ശശികറുകയില്‍, മനു മോഹന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് കെ.പി പ്രദീപ്കുമാറിനു ഫണ്ട് കൈമാറിയതിനു ശേഷമായിരുന്നു മാധ്യമങ്ങളോടു ഖമറുന്നിസ സംസാരിച്ചത്.

ഞൊടിയിടയില്‍ ഇതു വിവാദമാകുകയും സോഷ്യല്‍ മീഡിയകളിലും വാര്‍ത്താ മാധ്യമങ്ങളിലും പ്രചരിക്കുകയും ചെയ്തു. ലീഗിന്റെ ബിജെപിയുമായുള്ള ബന്ധത്തെ പരിഹസിച്ച് രാഷ്ട്രീയ എതിരാളികളും രംഗത്തെത്തി. ഇതോടെ ലീഗ് പ്രതിരോധത്തിലായി.

ഖമറുന്നിസയെ പിന്തുണച്ച് ഒരു വിഭാഗം ലീഗ് അണികള്‍ ന്യായീകരണങ്ങള്‍ നിരത്തിയെങ്കിലും വലിയ വിഭാഗം അണികള്‍ അമര്‍ഷം മറച്ചുവച്ചില്ല. അതിരൂക്ഷമായ ഭാഷയില്‍ തന്നെ അണികള്‍ സോഷ്യല്‍ മീഡിയയിലും മറ്റും രംഗത്തെത്തി. ഖമറുന്നിസയുടെ പ്രസ്താവന ബോധപൂര്‍വമാണെന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ഈ നടപടി ന്യായീകരണം അര്‍ഹിക്കുന്നില്ലെന്നുമുള്ള നിലപാടിലാണ് വലിയ വിഭാഗം അണികളും നേതാക്കളും. ഖമറുന്നിസയില്‍ നിന്ന് വിശദീകരണം തേടിയ ശേഷം നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

വനിതാ ലീഗ് രൂപീകരണ കാലം മുതല്‍ അധ്യക്ഷയായി പ്രവര്‍ത്തിക്കുന്ന ഖമറുന്നിസ നിലവില്‍ സംസ്ഥാന വനിതാസാമൂഹ്യക്ഷേമ വകുപ്പ് അധ്യക്ഷ, കേന്ദ്ര സാമൂഹ്യക്ഷേമ ബോര്‍ഡ് എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്പ് കോഴിക്കോട് രണ്ടില്‍ നിന്നു ലീഗ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു. സാമൂഹ്യ സന്നദ്ധ ജീവകാരുണ്യ മേഖലകളിലും ഖമറുന്നിസ അന്‍വര്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

എന്നാല്‍ ഇതേക്കുറിച്ച് വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും എന്താണ് നടന്നതെന്നു പരിശോധിച്ച ശേഷമേ മറ്റു കാര്യങ്ങളിലേക്കു കടക്കുകയുള്ളൂവെന്നു ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു. അതേസമയം രാഷ്ട്രീയ എതിരാളികള്‍ വിഷയം ആയുധമാക്കുന്നതോടെ ഉടന്‍ വിശദീകരണം തേടി നടപടിയെടുക്കുമെന്നാണ് സൂചന.

ഇടക്കിടെ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന ഖമറുന്നിസയെ നേതൃത്വം ഇടപെട്ട് പലപ്പോഴും പ്രസ്താവനകളില്‍ നിന്ന് വിലക്കിയിട്ടുണ്ട്. വനിതകള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നതിനെ ചൊല്ലി പാര്‍ട്ടി നേതൃത്വവുമായി അവര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന് കാണിച്ച് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കത്ത് നല്‍കിയതും വിവാദമായിരുന്നു.

എന്നാല്‍ മുമ്പെല്ലാം വനിതാ ലീഗിന്റെ പൂര്‍ണ പിന്തുണ ഖമറുന്നിസയ്ക്ക് ലഭിച്ചിരുന്നെങ്കിലും പുതിയ വിവാദത്തില്‍ മറ്റു വനിതാ ലീഗ് നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. കൂടുതല്‍ വിവാദമാകും മുമ്പ് പ്രസ്താവന തിരുത്താനാണ് നിര്‍ദേശം. അതേസമയം പാര്‍ട്ടിക്കു മേല്‍ കടുത്ത സമ്മര്‍ദമുണ്ടായാല്‍ ഖമറുന്നിസക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയേറെയാണ്.