ഔദ്യോഗികമായി ഒരു മതവുമില്ല; ഇന്ത്യ മതേതര രാഷ്ട്രമാണെന്ന് യു.എന്നില്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി

single-img
5 May 2017

യു.എന്‍: ഇന്ത്യ മതേതര രാഷ്ട്രമാണെന്നും ഔദ്യോഗികമായി ഒരു മതമില്ലെന്നും യു.എന്നില്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞു. യു.എന്‍ മനുശ്യാവകാശ കൗണ്‍സിലിന്റെ 27 ാമത് യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ടാണ് അറ്റോണി ജനറല്‍ സംസാരിച്ചത്. ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസത്തിന്റെ പേരില്‍ രാജ്യം ഒരു പൗരനോടും വിവേചനം കാട്ടുന്നില്ല. ഏത് മതത്തിലും വിശ്വസിക്കാന്‍ ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് സ്വാതന്ത്യം നല്‍കിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ പൗരന്മാര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാനും സംസാരിക്കാനുമുള്ള അവകാശത്തെ മാനിക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ആക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന പാകിസ്താന്റെ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യയിലെ ജുഡീഷ്യറി വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു. യാക്കൂബ് മേമന്റെ പേരെടുത്ത് പറയാതെ അര്‍ധരാത്രി രണ്ട് മണിക്ക് അപ്പീല്‍ പരിഗണിക്കാന്‍ സുപ്രീംകോടതി ചേര്‍ന്ന കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണത്തിനുള്ള കോടതി ഉത്തരവും അദ്ദേഹം ഉദ്ധരിച്ചു. അഫ്സ്പ നിയമം പിന്‍വലിക്കുന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.