ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന് അഞ്ചാണ്ട് തികയുമ്പോള്‍ സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരവുമായി കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകര്‍

single-img
5 May 2017

കോഴിക്കോട്: ആര്‍എംപിയുടെ സ്ഥാപക നേതാവ് ടിപി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയിട്ട് അഞ്ചു വര്‍ഷം തികയുമ്പോള്‍, ടിപിയുടെ അവസാന നിമിഷങ്ങളില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യാവിഷ്‌കാരം ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകര്‍.

ദൃശ്യ മാധ്യമ പ്രവര്‍ത്തകനായ കെസി ബിപിനാണ് ടിപി ചന്ദ്രശേഖരന്‍ സംഭവം ദൃശ്യവത്കരിച്ച ‘രക്തം സാക്ഷി’ എന്ന വീഡിയോ പുറത്തുവിട്ടത്. കൊലയ്ക്ക് ഉപയോഗിച്ച അതേ നിറത്തിലുള്ള ഇന്നോവ കാര്‍, ഇന്നോവയിലെ അടയാളങ്ങള്‍, ടിപിയും അക്രമികളും സഞ്ചരിച്ച വഴികള്‍, അദ്ദേഹത്തെ ക്രൂരതയ്ക്ക് ഇരയാക്കിയ രീതി എന്നിവയാണ് ചിത്രീകരിച്ചിരിക്കുന്നത്.

ടിപി 51 എന്ന ചിത്രത്തില്‍ ടിപി ചന്ദ്രശേഖരനായി വേഷമിട്ട രമേശ് വടകര തന്നെയാണ് ഇവിടെയും ടിപി ആയത്. കെസി ബിപിന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ എസ് എന്‍ രാജേഷാണ്. എഡിറ്റിംഗ് ബെന്നി ജേക്കബ്.

ടി.പി ചന്ദ്രശേഖരനെ എങ്ങിനെയാണ് കൊന്നത്? അത് ഷൂട്ട്ചെയ്ത് കാണിക്കാനാകുമോ?..അതേ നിറമുള്ള ഇന്നോവ കാര്‍, കൊലയാളികള്‍ കയറിയ സ്ഥലങ്ങള്‍, റോഡുകള്‍, ചന്ദ്രശേഖരന്റെ യാത്ര, വള്ളിക്കാട്ടെ അന്ത്യം… ഷൂട്ട് എളുപ്പമല്ലെന്ന് അറിഞ്ഞിട്ടും ക്യാമറാമാന്‍ SN Rajeesh നൊപ്പം കണ്ണൂര്‍ ഭാഗത്തേക്ക് പുറപ്പെട്ടു. കേസിൽ വിധിവരുന്നതിന് രണ്ടുദിവസം മുൻപ്…ഇതായിരുന്നു റിസല്‍ട്ട്Direction :KC Bipin DOP :SN Rajeesh Cuts :Benny Jacob

Posted by KC Bipin on Thursday, May 4, 2017

2012 മെയ് 4നാണ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. കേസില്‍ കൊലയാളിസംഘത്തിലെ ഏഴുപേരും ഗൂഢാലോചനയില്‍ പങ്കെടുത്ത സിപിഐഎം നേതാക്കളുള്‍പ്പെടെ അഞ്ച് പേരും ശിക്ഷിക്കപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ സിപിഐഎമ്മിലെ ഉന്നതനേതാക്കള്‍ക്ക് പങ്കുണ്ടെന്നും അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നുമാവശ്യപ്പെട്ട് ആര്‍എംപി നേതാക്കള്‍ സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും സമീപിച്ചിരുന്നു. ആദ്യം ഇരു സര്‍ക്കാരുകളും അനുകൂലസമീപനം എടുത്തെങ്കിലും സിബിഐ അന്വേഷണം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.