കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; സിപിഎം പിന്തുണയോടെ ജില്ലാ പഞ്ചായത്ത് ഭരണം കേരളാ കോൺഗ്രസ്-എമ്മിന്, സക്കറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു

single-img
3 May 2017

സക്കറിയാസ് കുതിരവേലി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ്-എം നേടി. കേരള കോൺഗ്രസ്-എമ്മിലെ സക്കറിയാസ് കുതിരവേലിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.

ഏഴ് അംഗങ്ങളുള്ള എൽഡിഎഫ് മുന്നണിയിലെ ആറ് സിപിഎം അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു കേരള കോൺഗ്രസ് ഭരണം പിടിച്ചത്. കേരള കോൺഗ്രസിനും ആറ് അംഗങ്ങൾ ജില്ലാ പഞ്ചായത്തിലൂണ്ട്. ഇതോടെ 22 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തിൽ 12 പേരുടെ പിന്തുണയോടെ കേരള കോൺഗ്രസ്-എം അധികാരം പിടിച്ചെടുക്കുകയായിരുന്നു.

കോട്ടയം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസ് എമ്മിന് പിന്തുണയുമായി സിപിഎം മുന്നിട്ടിറങ്ങിയിരുന്നു. ഒറ്റയ്ക്ക് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അടിയന്തരമായി യോഗം ചേര്‍ന്ന് മാണിയെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേ സമയം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് സിപിഐ അറിയിച്ചിരുന്നു .

കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതാണ് പുതിയ രാഷ്ടീയ കരുനീക്കങ്ങള്‍ക്ക് തുടക്കമായത്. കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരണം നടത്തിയിരുന്ന യുഡിഎഫ് രണ്ടര വര്‍ഷത്തിന് ശേഷം പ്രസിഡന്റ് പദവി മാണി വിഭാഗത്തിന് നല്‍കാം എന്നായിരുന്നു നേരത്തെയുള്ള ധാരണ.

എന്നാല്‍ ഇതിന് ശേഷം യുഡിഎഫ് ബന്ധം മാണി അവസാനിപ്പിച്ചെങ്കിലും ജില്ലാ പഞ്ചായത്തില്‍ സഹകരണം തുടരുകയായിരുന്നു. എന്നാല്‍ ജോഷി ഫിലിപ്പ് രാജിവച്ചതോടെ പുതിയ നീക്കങ്ങള്‍ക്ക് മാണി തയാറാവുകയായിരുന്നു. ജില്ലയില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മിലുളള ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സുചനയാണിതെന്നാണ് വിലയിരുത്തല്‍.
നിലവില്‍ സിപിഎമ്മിന് ആറും സിപിഐക്ക് ഒന്നും കോണ്‍ഗ്രസിന് എട്ടും, കേരളാ കോണ്‍ഗ്രസിന് നാലും പിസിജോര്‍ജ് പക്ഷത്തിന് ഒന്നും സീറ്റ് വീതമാണുളളത്. മാണി വിഭാഗത്തിനെ പിന്തുണയ്ക്കാന്‍ സിപിഎം തീരുമാനിച്ചതോടെ കേരള കോണ്‍ഗ്രസിലെ സക്കറിയാസ് കുതിരവേലില്‍ ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന് മുന്നേ തന്നെ ഉറപ്പിച്ചിരുന്നു. സണ്ണി പാന്പാടിയായിരുന്നു  യുഡിഎഫിന്റെ സ്ഥാനാര്‍ഥി.

മാണിയെ പുറത്തുനിന്നു പിന്തുണയ്ക്കാനാണ് സിപിഎം നിലവില്‍ തീരുമാനമെടുത്തിരിക്കുന്നതെങ്കിലും പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിന് വഴി തെളിയിക്കുന്നതാണ് നിലവിലെ കൈകോര്‍ക്കല്‍ എ്ന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.