ജമ്മുകശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി പാകിസ്താന്‍; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

single-img
3 May 2017

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി പാകിസ്താന്‍. പൂഞ്ച് ജില്ലയിലെ മാന്‍കോട്ടിലെ സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സൈന്യം വെടിവയ്പ് നടത്തിയത്. കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്ത പാക് സൈന്യത്തിന്റെ നടപടിക്കെതിരെ രാജ്യമൊട്ടാകെ രോഷം പുകയുന്നതിനിടെയാണ് വീണ്ടും പ്രകോപനവുമായി പാകിസ്താന്‍ രംഗത്തെത്തിയിരിക്കുന്നത്.

പൂഞ്ച് ജില്ലയിലെ മെന്ദര്‍ മേഖലയിലാണ് പാക് റേഞ്ചേഴ്സ് കനത്ത വെടിവയ്പ് നടത്തിയത്. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. മേഖലയില്‍ പാകിസ്താന്‍ ഇടവിട്ട് വെടിവയ്പ് തുടരുകയാണ്.

ജവാന്‍മാരുടെ മൃതദേഹം വികൃതമാക്കിയ പാക് നടപടിക്കെതിരെ ഇന്ത്യ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെയാണ് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ പ്രകോപനം തുടരുന്നത്. രണ്ട് ഇന്ത്യന്‍ സൈനികരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോട് അനാദരം കാട്ടിയ പാകിസ്താനെതിരെ അതിശക്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.

സൈനികരെ ശിരച്ഛേദം ചെയ്ത കിരാതമായ നടപടിക്കെതിരെ തക്കതായ രീതിയില്‍ തിരിച്ചടിക്കുമെന്ന് അസന്നിഗ്ധമായ ഭാഷയില്‍ പാകിസ്താന് ഇന്ത്യ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ആറു മാസത്തിനിടെ മൂന്നാം തവണയാണ് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പാകിസ്താന്‍ വികൃതമാക്കുന്നത്. എന്നാല്‍ സൈനികരുടെ മൃതദേഹത്തോട് അനാദരം കാട്ടിയില്ലെന്നു വാദിച്ച പാകിസ്താന്‍, ഇന്ത്യയുടെ പ്രതികരണത്തെ വിമര്‍ശിക്കുകയും ചെയ്തു.