ബാഹുബലിയെപ്പോലൊരു സിനിമയാണെങ്കില്‍ താന്‍ എന്തു റിസ്‌കിനും തയ്യാറെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം

single-img
3 May 2017

കൊച്ചി : ബാഹുബലി പോലൊരു വൈവിധ്യമുള്ള കഥയുമായി തന്നെ ആരു സമീപിച്ചാലും സിനിമ ചെയ്യാന്‍ തയ്യാറാണെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. അത്തരമൊരു സിനിമ ചെയ്യുന്നതില്‍ പ്രശ്നമില്ലെന്നും അതിനുവേണ്ടി എന്ത് റിസ്‌ക്ക് ഏറ്റെടുക്കാനും തയാറാണെന്ന് ടോമിച്ചന്‍ പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1000 കോടിയൊന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ആലോചിക്കാനാവില്ല. എന്നാല്‍ 200 കോടിവരെയൊക്കെ മുടക്കാന്‍ ഞാന്‍ തയ്യാറാണ. ഞാന്‍ 200 കോടി മുടക്കിയാല്‍ അത് തിരിച്ചുകിട്ടുമെന്ന് ഉറപ്പുള്ളവരുമായിട്ടേ സഹകരിക്കൂ. അതുകൊണ്ടു തന്നെ ഒരു സിനിമയുമായി ആരെങ്കിലും തന്നെ സമീപിച്ചാല്‍ അതിന്റെ പിന്നിലുള്ളവരെ കൂടി നോക്കുമെന്നും ടോമിച്ചന്‍ പറഞ്ഞു.

ഗംഭീരസിനിമയാണ് ബാഹുബലി. രാജമൗലി സിനിമാ പശ്ചാത്തലമുള്ളയാളാണ്. അദ്ദേഹം കണ്ട സ്വപ്നം യാഥാര്‍ഥ്യമായതാണ് ബാഹുബലി. അതിനെക്കുറിച്ച് ഒരാളുപോലും മോശം പറയുന്നില്ല എന്നുള്ളത് തന്നെയാണ് ആ സിനിമയുടെ വിജയമെന്നും ടോമിച്ചന്‍ പറഞ്ഞു. ഇനി ഏത് ഭാഷയില്‍ സിനിമ ഇറങ്ങിയാലും ബാഹുബലിയുമായി താരതമ്യം ഉറപ്പാണ്. ഇന്ത്യന്‍ സിനിമയുടെ മാര്‍ക്കറ്റ് മാറികഴിഞ്ഞു.എല്ലാകാലത്തും സംഭവിക്കുന്ന ഒന്ന് അല്ല ബാഹുബലി പോലെയൊരു സിനിമ. എല്ലാ സിനിമയും പുലിമുരുകനോ ബാഹുബലിയോ ആകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു..

നമ്മള്‍ ഒരു പടം കാശ് മുടക്കി ചെയ്താല്‍ അത് ജനങ്ങളിലേക്ക് എത്താന്‍ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യണം. പ്രമോഷന്‍സ് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഇപ്പോള്‍ എവിടെ നോക്കിയാലും ബാഹുബലിയാണ്. ആള്‍കാര്‍ക്ക് ഇത് എന്താണെന്ന് അറിയാനൊരു കൗതുകം ജനിക്കും. ജനങ്ങള്‍ അറിഞ്ഞ് സിനിമ കാണാന്‍ വന്നില്ലെങ്കില്‍ നമ്മള്‍ ഒരു സിനിമ ഉണ്ടാക്കിയതിന് പ്രയോജനമില്ലാതെയാകും. സിനിമ നിര്‍മാണം ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് മാര്‍ക്കറ്റിങ്ങെന്നും ടോമിച്ചന്‍ മുളകുപാടം പറഞ്ഞു.