എം.എം. മണിയ്‌ക്കെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി യുഡിഎഫ് ; മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

single-img
2 May 2017

തിരുവനന്തപുരം: പെമ്പിളൈ ഒരുമയ്ക്ക് എതിരെ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ മന്ത്രി എം.എം. മണിയ്ക്ക് എതിരെ നിയമനടപടിയ്ക്ക് ഒരുങ്ങി
യുഡിഎഫ്. ഇന്ന് രാവിലെ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മണിയ്ക്കെതിരെ പി.ടി. തോമസ് എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

അതേ സമയം മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ആരംഭിച്ചത് മുതല്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് ബഹളം തുടങ്ങിയിരുന്നു. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഗതാഗത മന്ത്രി തോമസ് ചാണ്ടി മറുപടി പറയുന്നതിനിടെയാണ് പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം. പക്ഷേ നിരവധി ജനകീയ പ്രശ്നങ്ങള്‍ ഉന്നയിക്കാനുളളതിനാല്‍ സഭാ നടപടികള്‍ സ്തംഭിപ്പിക്കുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

മന്ത്രി എം.എം മണിക്കെതിരായ ബഹിഷ്‌കരണം സഭയ്ക്കത്തും പുറത്തും തുടരുമെന്നും അദ്ദേഹവുമായി ഒരു പരിപാടിയിലും സഹകരിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.