കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്കില്‍ ജനം വലയുന്നു; ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങിയത് യാത്രക്കാരെ ദുരിതത്തിലാക്കി

single-img
2 May 2017


തിരുവനന്തപുരം: കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് ബസ്സുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കാതായതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങിയത് യാത്രക്കാരെ ദുരിതത്തിലാക്കി. പല ഡിപ്പോകളിലും സര്‍വീസുകള്‍ ഏതാണ്ട് പൂര്‍ണമായിത്തന്നെ മുടങ്ങിയിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ ഗതാഗതമന്ത്രി അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ഇന്ന് ചര്‍ച്ച നടത്തും.

മലബാറിലും മധ്യകേരളത്തിലും നിരവധി സര്‍വീസുകള്‍ മുടങ്ങി. തിരുവനന്തപുരത്തെ 20 ഡിപ്പോകളില്‍ സര്‍വീസുകള്‍ വ്യാപകമായി മുടങ്ങി. സിറ്റി ഡിപ്പോയില്‍ നിന്നുള്ള മുപ്പതോളം സര്‍വീസുകളാണ് മുടങ്ങിയത്. പത്തനംതിട്ടയില്‍ ഒരു സര്‍വീസ് പോലും നടത്താന്‍ കെഎസ്ആര്‍ടിസിക്ക് സാധിച്ചിട്ടില്ല. കോട്ടയം, കൊച്ചി എന്നിവിടങ്ങളില്‍ ഭാഗികമായി സര്‍വീസുകള്‍ മുടങ്ങി. അതേസമയം, സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ വലിയ കുഴപ്പങ്ങളില്ലാത്ത ബസുകള്‍ നിരത്തിലിറക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഡ്യൂട്ടി സമയത്തില്‍ പുതിയ ക്രമീകരണം കൊണ്ടുവന്നതാണ് കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാരുടെ സമരത്തിന് കാരണം.
സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടി സമയത്തില്‍ ക്രമീകരണം കൊണ്ടുവന്നത്. അറ്റകുറ്റപ്പണി കൂടുതല്‍ നടക്കുന്ന രാത്രിസമയം കൂടുതല്‍ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനായി ഡബിള്‍ ഡ്യൂട്ടി മാറ്റി എല്ലാം സിംഗിള്‍ ഡ്യൂട്ടിയാക്കി മാറ്റിയാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഉത്തരവിറക്കിയത്. മെയ് ഒന്നുമുതലാണ് തീരുമാനം നടപ്പിലാക്കി തുടങ്ങിയത്. ഇതനുസരിച്ച് രാവിലെ ആറുമുതല്‍ രണ്ടുവരെയും രണ്ടുമുതല്‍ രാത്രി പത്തുവരെയും പത്തുമുതല്‍ വെളുപ്പിന് ആറുവരെയുമാണ് പുതിയ ഷിഫ്റ്റ്.

എന്നാല്‍, ഈ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്ന് മെക്കാനിക്കല്‍ ജീവനക്കാരുടെ നിലപാട്. അതേസമയം, യൂണിയനുകള്‍ എതിര്‍ത്താലും ഡ്യൂട്ടി പരിഷ്‌കരണവുമായി മുന്നോട്ടുപോകാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. വിഷയത്തില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ നിന്ന് സര്‍ക്കാരിന് പിന്നോട്ട് പോകാന്‍ ആകില്ല.