ആരാണ് ഡിജിപിയെന്ന ചോദ്യത്തിനു ഉത്തരമില്ലാതെ മുഖ്യമന്ത്രി;ടി.പി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കും

single-img
2 May 2017

തിരുവനന്തപുരം : ഡിജിപി ടി.പി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധി അന്തിമമാണെന്നും വിധി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങിയെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു. ഒരാഴ്ചയായി സംസ്ഥാനത്ത് ഡിജിപിയില്ലാത്ത അവസ്ഥയാണെന്ന് എം.ഉമ്മര്‍ എംഎല്‍എ ആരോപിച്ചു. സെന്‍കുമാറിന്റെ നിയമനം സര്‍ക്കാര്‍ മനഃപൂര്‍വം വൈകിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ ആരാണ് ഡിജിപിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍വച്ച് മുഖ്യമന്ത്രിയോടു ചോദിച്ചെങ്കിലും ഉത്തരം നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ഇതോടെ, ഡിജിപി ആരെന്ന് മുഖ്യമന്ത്രിക്കു പറയാന്‍ സാധിക്കാത്തതു ലജ്ജാകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവും രംഗത്തെത്തി.

എന്നാല്‍, സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് ഓണ്‍ലൈനില്‍ ലഭിച്ചതുമുതല്‍ വിധി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങിയിരുന്നുവെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇക്കാര്യത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചത് ഇന്നലെയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭയില്‍ ചര്‍ച്ച ചെയ്യുന്നതിന് പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതിനിടെ, അടിയന്തര പ്രമേയം അവതരിപ്പിച്ച എം. ഉമ്മറിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തി. സാധാരണ നല്ല രീതിയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ആളാണ് ഉമ്മര്‍. എന്നാല്‍, ഇത്തവണ വളരെ പരിതാപകരമായാണ് അദ്ദേഹം വിഷയം അവതരിപ്പിച്ചത്. വിഷയത്തിന്റെ ഗൗരവമില്ലായ്മയാണ് ഇതിലൂടെ വെളിവാകുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേ സമയം സെന്‍കുമാര്‍ കേസിലെ സുപ്രീം കോടതി വിധി ആരുടെയും ജയമോ തോല്‍വിയോ അല്ലെന്നും ഇവിടെ നീതിയാണ് നടപ്പായതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സെന്‍കുമാറിനേക്കാള്‍ സീനിയറായ ആളെ യുഡിഎഫ് സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ടെന്നും ഇതു ക്രമവിരുദ്ധമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെന്‍കുമാറിന്റെ പുനര്‍നിയമന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതോടെ, പുനര്‍നിയമന വിഷയത്തില്‍ സര്‍ക്കാരും ടി.പി.സെന്‍കുമാറും സുപ്രീംകോടതിയില്‍ വീണ്ടും ഏറ്റുമുട്ടാനുള്ള സാധ്യത മങ്ങിയിരിക്കുകയാണിപ്പോള്‍. പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിക്കുമോയെന്ന് വ്യക്തമല്ല.