എംഎല്‍എ ശബരി നാഥും സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു

single-img
2 May 2017

തിരുവനന്തപുരം: അരുവിക്കര എംഎല്‍എയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു. ശബരിനാഥ് തന്നെയാണ്‌ തന്റെ വിവാഹ കാര്യം പുറത്തുവിട്ടത്. തിരുവനന്തപുരത്ത് വച്ചുണ്ടായ സൗഹൃദം പ്രണയത്തിലേക്കെത്തിയതോടെ ഇരുവരുടെയും വീട്ടുകാര്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു.

പൊതുസേവനത്തിന്റെ വ്യത്യസ്ത വഴികളിവൂടെ സഞ്ചരിക്കുന്നവരാണ് എംഎല്‍എ ശബരിനാഥും സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും. ശബരിനാഥ് പൊതുജനസേവനത്തിനായി ഇറങ്ങിത്തിരിച്ചത് ഉന്നതമായ ജോലി ഉപേക്ഷിച്ചാണ്. മുന്‍മന്ത്രി ജി കാര്‍ത്തികേയന്റെ മകനായ ശബരി, കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നുണ്ടായ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. പൊതുജനസേവനത്തിനായി ഇറങ്ങിത്തിരിച്ചതാവട്ടെ് ഉന്നതമായ ജോലി ഉപേക്ഷിച്ചും.

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെകും ഗുര്‍ഗാവോണിലെ എംഡിഐയില്‍നിന്ന് എംബിഎയും പൂര്‍ത്തിയാക്കിയയാളാണ് ശബരിനാഥന്‍. മുംബൈയില്‍ ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്നും, പിന്നീട് ടാറ്റാ ട്രസ്റ്റിന്റെ ആരോഗ്യസഹായ പദ്ധതിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കവെയാണ് ശബരി രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്.

നിലവില്‍ തിരുവനന്തപുരം സബ് കളക്ടറായ ദിവ്യ ഡോക്ടറുദ്യോഗം വിട്ടുകൊണ്ടാണ് തന്റെ ഐഎഎസ് മോഹം പൂവണിയിച്ചിരിക്കുന്നത്. റാങ്ക് ജേതാവ് , ഡോക്ടര്‍ , ഗായിക, നര്‍ത്തകി, അസിസ്റ്റന്റ് കളക്ടര്‍ എന്നിങ്ങനെ താരത്തിളക്കമുള്ള ഐ.എ.എസുകാരി ദിവ്യ എസ് അയ്യര്‍ പഠനവും കലയും സമാന്തരമായി മുന്നോട്ടു കൊണ്ടു പോവുകയായിരുന്നു.
എസ്.എസ്.എല്‍.സി ക്ക് ടോപ്പ് റാങ്കര്‍മാരില്‍ ഒരാളായിരുന്നു ദിവ്യ. അതേസമയം സംഗീതം, നൃത്തം, എഴുത്ത്, മോണോആക്ട്, പ്രച്ഛന്നവേഷം, അഭിനയം….തുടങ്ങി എല്ലാ ഇനങ്ങളിലും കയ്യൊപ്പ് ചാര്‍ത്തുകയും ചെയ്തു.

സിഎംസി വെള്ളീരില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ശേഷമാണ് ദിവ്യ ഐഎഎസ് തിരഞ്ഞെടുത്തത്. ദിവ്യയുടെ നിരവധി പ്രസംഗങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്. ഐഎഎസ് ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകള്‍ക്ക് തയ്യാറാകാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന എഴുത്തുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.