ഏഷ്യന്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ് കിരീടം ജോഷ്ന ചിന്നപ്പയ്ക്ക്

single-img
1 May 2017

ചെന്നൈ: ഏഷ്യന്‍ സ്‌ക്വാഷ് ചാംബ്യന്‍ഷിപ് കിരീടം സ്വന്തമാക്കി ജോഷ്ന ചിന്നപ്പ. ഇതോടെ ഏഷ്യന്‍ സ്‌ക്വാഷ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ബഹുമതിയാണ് ജോഷ്ന സ്വന്തമാക്കിയത്. ചെന്നൈയില്‍ ഇന്ത്യന്‍ താരങ്ങള്‍ അണിനിരന്ന ഫൈനലില്‍ ദീപിക പള്ളിക്കലിനെ പരാജയപ്പെടുത്തിയാണ് ജോഷ്ന ചരിത്രനേട്ടം സ്വന്തമാക്കിയത്.

അഞ്ച് ഗെയിം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു ജോഷ്നയുടെ വിജയം. ആദ്യത്തെ നാല് സെറ്റുകള്‍ രണ്ടു താരങ്ങളും വാശിയോടെ പോരാടി രണ്ട് സെറ്റുകള്‍ വീതം പങ്കിട്ടു . അഞ്ചാം സെറ്റിനിടെ വീണതു ദീപികയ്ക്കു തിരിച്ചടിയായി. ഇന്‍ജുറി ബ്രേക്കെടുത്ത് അല്‍പനേരം വിശ്രമിച്ച ശേഷമാണു ദീപിക കളിയിലേക്കു തിരിച്ചുവന്നത്. അപ്പോഴേക്കും അധ്യപത്യം ഉറപ്പിച്ച ജോഷ്ന വിജയം സ്വന്തമാക്കി. 78 മിനിറ്റ് നീണ്ടു നിന്ന മത്സരത്തിനൊടുവിലെ വിജയം കഴിഞ്ഞ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ദീപികയോടേറ്റ തോല്‍വിക്കുള്ള ജോഷ്നയുടെ മറുപടി കൂടിയായി.

അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സൗരവ് ഘോഷാലിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫൈനലില്‍ ഒന്നാം സീഡ് ഹോങ്കോങിന്റെ മാക്സ് ലീയാണ് സൗരവിനെ തോല്‍പ്പിച്ചത്.