മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും തള്ളി സിപിഐ രംഗത്ത്

single-img
1 May 2017

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും തള്ളി സിപിഐ രംഗത്ത്. പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിക്കല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനും ബിനോയ് വിശ്വവും ഇന്ന് രംഗത്തെത്തി. പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കളളന്റെ കുരിശാണെന്ന് കാനം പറഞ്ഞപ്പോള്‍ കുരിശ് പൊളിച്ചതിനെ വിമര്‍ശിക്കുന്നവര്‍ കൈയേറ്റക്കാരെ സഹായിക്കുകയാണെന്നായിരുന്നു ബിനോയ് വിശ്വന്റെ അഭിപ്രായം. കുരിശ് പൊളിച്ചതില്‍ ഗൂഡാലോചനയുണ്ടെങ്കില്‍ അന്വേഷിക്കട്ടെയെന്ന് സിപിഐ മന്ത്രി ഇ. ചന്ദ്രശേഖരന്‍ വെല്ലുവിളിച്ചു.

മേയ്ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടികളിലായിരുന്നു ബിനോയ് വിശ്വത്തിന്റെയും കാനത്തിന്റെയും പ്രതികരണം. പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കളളന്റെ കുരിശാണെന്ന് കാനം പറഞ്ഞു. ത്യാഗത്തിന്റെ കുരിശായി ആരും ഇതിനെ വ്യാഖ്യാനിക്കേണ്ട. കൈയേറ്റത്തിന്റെ കുരിശിനെ ഉപയോഗിച്ചാണ് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിക്കാന്‍ പലരും ശ്രമിക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. കുരിശ് പൊളിച്ച ദിവസം ഇതിനെ ആരും ന്യായീകരിച്ചിട്ടില്ല. സിപിഐ എന്നും ശരിയുടെ പക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു. കുരിശ് പൊളിച്ചതിനെ ബാബറി മസ്ജിദിനോട് ഉപമിച്ചവര്‍ കൈയേറ്റ വീരന്‍മാരെ സഹായിക്കുകയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

കുരിശ് മാറ്റിയത് ബാബറി മസ്ജിദ് പൊളിച്ചതുപോലെയെന്ന് ചിലര്‍ പറയുന്നു. ഇത്തരക്കാര്‍ ആര്‍എസ്എസിനേയും ബിജെപിയേയും സഹായിക്കുകയാണ്. കൈയേറ്റ വീരന്‍മാരെ സഹായിക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും ബിനോയ് വിശ്വം ആരോപിച്ചു. മൂന്നാറില്‍ കുരിശ് പൊളിച്ചതില്‍ ഗൂഡാലോചനയില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ഗൂഡാലോചന ഉണ്ടെങ്കില്‍ തെളിയിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. ഗൂഡാലോചന തെളിയിക്കേണ്ടവകുപ്പ് തന്റേതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.