ഡല്‍ഹിയിലെ ഗവണ്‍മെന്റ് അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ക്ക് ദുരിത ജീവിതം; സ്റ്റാഫുകള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവിടുത്തെ പെണ്‍കുട്ടികള്‍

single-img
1 May 2017

ന്യൂ ഡല്‍ഹി : സംരക്ഷിക്കേണ്ടവര്‍ തന്നെ ദുരിതത്തിലേക്ക് തള്ളിവിടുമ്പോള്‍ എങ്ങോട്ടു പോവണമെന്നറിയാതെ നിസ്സഹായരായിരിക്കുകയാണ് വെസ്റ്റ് ഡല്‍ഹിയിലെ ഗവണ്‍മെന്റ് അഭയ കേന്ദ്രത്തിലെ പെണ്‍കുട്ടികള്‍. പീഡനനത്തിനിരയക്കപ്പെട്ടവര്‍, തെരുവില്‍ അലയുന്ന പെണ്‍കുട്ടികള്‍, വേശ്യാലയങ്ങളില്‍ നിന്നും നിന്നും മറ്റും രക്ഷപ്പെടുത്തിയെടുക്കുന്ന പെണ്‍കുട്ടികള്‍ എന്നിവരെയാണ് ഈ അഭയ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്നത്. പക്ഷേ തങ്ങളുടെ സംരക്ഷണകേന്ദ്രം തന്നെ ഇവര്‍ക്ക് പേടിപ്പെടുത്തുന്ന ഒരിടമായി മാറിയിരിക്കുന്നു.

ഇവിടുത്തെ സ്റ്റാഫുകള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവിടുത്തെ പെണ്‍കുട്ടികള്‍. ശാരീരികമായും മാനസികമായും ഇവര്‍ നിരന്തരം പീഡിപ്പിക്കുന്നതായാണ് പെണ്‍കുട്ടികളുടെ പരാതി. ഇവിടുത്തെ ജീവനക്കാരില്‍ ഒരാള്‍ത്തന്നെ നിര്‍ബന്ധപൂര്‍വ്വം തങ്ങളുടെ ശരീരത്തില്‍ ഏതൊക്കെയോ മരുന്നുകള്‍ കുത്തിവെച്ചതായി കുട്ടികള്‍ ആരോപിക്കുന്നു. ഇതിനെതിരെ പ്രതികരിക്കുകയോ വഴങ്ങാതിരിക്കുകയോ ചെയ്യുന്നവരെ ശാരീരകമായി നിരന്തരം ഉപദ്രവിക്കുകയും ചെയ്യുന്നതായി അവര്‍ പറഞ്ഞു.

ജീവനക്കാരില്‍ ഒരാള്‍ ശാരീരികമായി പീഡിപ്പിച്ചുവെന്നാരോപിച്ചതിന് തന്നെ ദിവസങ്ങളോളം പട്ടിണിക്കിട്ടുവെന്ന് ഒരു പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അവര്‍ പെട്ടെന്നുള്ള ശാരീരിക വളര്‍ച്ചയ്ക്കു വേണ്ടിയുള്ള ഉത്തേജക മരുന്നുകള്‍ തങ്ങളുടെ മേല്‍ കുത്തിവെച്ചതായും പെണ്‍കുട്ടികള്‍ ആരോപിച്ചു. മിക്ക പെണ്‍കുട്ടികളെയും പീഡിപ്പിക്കുകയും ഉയര്‍ന്ന തുകയ്ക്ക് വേശ്യാലയങ്ങളില്‍ വില്‍ക്കുകയും ചെയ്യുന്നതായി ഇവര്‍ പറഞ്ഞു.

‘ ചെറിയ പ്രായത്തില്‍ തന്നെ ശരീര വളര്‍ച്ചയില്‍ പെട്ടെന്നുള്ള മാറ്റം വരുത്തുന്ന തരത്തിലുള്ള ഓക്‌സിടോസിന്‍ വിഭാഗത്തിലുള്ള ഉത്തേജന മരുന്നാണ് ഇവര്‍ക്ക് നല്‍കിയെതെന്ന് കരുതുന്നു. ഇത് പരിശോധിക്കുന്നതിനായി പോലീസ് വൈദ്യപരിശോധന സംഘടിപ്പിച്ചുവെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അവിടത്തെ ജീവനക്കാരെ ചോദ്യം ചെയ്തതായും’ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പീഡനം മാത്രമല്ല, ചേരിപ്രദേശങ്ങളേക്കാള്‍ പരിതാപകരമായ അവസ്ഥയിലാണ് ഇവിടുത്തെ പെണ്‍കുട്ടികള്‍ ജീവിതം. വൃത്തിയുള്ളൊരിടമോ പോഷകാഹാരമോ വസ്ത്രങ്ങളോ ഒന്നും തന്നെ ഇവര്‍ക്ക് ലഭിക്കുന്നില്ല. ആഴ്ചകളോളം ഒരേ ഡ്രസ് തന്നെ ധരിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായിത്തീരുന്നു.

തങ്ങളുടെ ദുരവസ്ഥകള്‍ വിവരിച്ചുകൊണ്ട് ഏപ്രില്‍ ആദ്യവാരം പെണ്‍കുട്ടികളില്‍ ഒരാള്‍ ഡല്‍ഹി ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് കത്തയച്ചതോടെയാണ് ഈ ക്രൂരതകള്‍ പുറം ലോകമറിയുന്നത്. തുടര്‍ന്ന് മറ്റ് 9 പെണ്‍കുട്ടികള്‍ കൂടെ ഇവിടുത്തെ അംഗങ്ങള്‍ക്കെതിരെ പരാതി കൊടുക്കാന്‍ തയ്യാറായതോടെ സംഭവം ഡല്‍ഹി വനിതാക്കമ്മീഷന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

തുടര്‍ന്ന് ഏപ്രില്‍ 8 ന് പുനരധിവാസ കേന്ദ്രം സന്ദര്‍ശിച്ച ചീഫ് വനിതാക്കമ്മീഷന്‍ സ്വാതി മാലിവല്‍ കുട്ടികള്‍ പറഞ്ഞതനുസരിച്ച് അന്വേഷണത്തിനായി പോലീസ് കമ്മീഷണര്‍ക്ക് നോട്ടിസ് അയക്കുകയും ചെയ്തു.

അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ക്കെതിരെ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുയാണിപ്പോള്‍. അന്യായമായി ഭയപ്പെടുത്തല്‍ , ഉപദ്രവിക്കല്‍ , ജുവൈനല്‍ ജസ്റ്റിസ് കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ആക്റ്റിലെ ക്രിമിനല്‍ ഗൂഢാലോചനാ നിയമം എന്നിവ ഉള്‍പ്പെടുത്തിയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.

പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയ കാരണത്താല്‍ രണ്ടാമത് വീണ്ടും അഭയ കേന്ദ്രം സന്ദര്‍ശനത്തിനെത്തിയ തന്നെ അവിടേക്ക് കടത്തി വിടാതെ തടഞ്ഞുവെച്ചെന്നും ഡല്‍ഹി വനിതാക്കമ്മീഷന്‍ ചീഫ് പരാതിപ്പെടുകയുണ്ടായി.