ഒരു നഗരത്തിന്റെ പേരില്‍ നിര്‍മ്മിക്കുന്ന ആദ്യ ഫോണ്ടും ഇനി ദുബൈക്ക് സ്വന്തം

single-img
1 May 2017

ദുബൈ: സ്വന്തം പേരില്‍ ഫോണ്ടുമായി വീണ്ടും ചരിത്രം മാറ്റിയെഴുതാന്‍ ഒരുങ്ങി ദുബൈ. ‘ദുബൈ ഫോണ്ട്’ എന്ന പേരില്‍ മൈക്രോസോഫ്റ്റ് നിര്‍മിച്ച ഫോണ്ട് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. ഒരു നഗരത്തിന്റെ പേരില്‍ നിര്‍മ്മിക്കുന്ന ആദ്യ ഫോണ്ടാണിത്. ‘സ്വയം പ്രകടിപ്പിക്കുക’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ ഫോണ്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്.

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഈ ഫോണ്ട് ഉപയോഗിക്കണമെന്നു ഷെയ്ഖ് ഹംദാന്‍ നിര്‍ദേശം നല്‍കി. പുതിയ കണ്ടുപിടുത്ത രംഗത്തും മേഖലാതലത്തിലും രാജ്യാന്തരതലത്തിലും നേതൃസ്ഥാനത്ത് എത്താനുള്ള യുഎഇയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണു നടപടി. അറബിക്, ലാറ്റിന്‍ ലിപികളിലുള്ള ഫോണ്ട് ഇംഗ്ലിഷ് ഉള്‍പ്പെടെ മൈക്രോസോഫ്റ്റ് ഓഫിസ് 365 വഴി രാജ്യാന്തരതലത്തില്‍ 10 കോടി ജനങ്ങള്‍ക്ക് 23 ഭാഷകളില്‍ ഉപയോഗിക്കാനാകും. എന്നാല്‍ ഹിന്ദി ഉള്‍പ്പെടെ ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെട്ടിട്ടില്ല. പഴമയുടെ വിശ്വാസ്യതയും ഭാവിയുടെ പ്രതീക്ഷയും ഒരുമിക്കുന്നതാണു ദുബായ് ഫോണ്ടെന്നു ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. ഡിജിറ്റല്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്താനുള്ള ദുബൈയിയുടെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണു നടപടി. കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന പാലമാണിതെന്ന് ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല അബ്ദുല്‍ റഹ്മാന്‍ അല്‍ ഷായിബാനി പറഞ്ഞു.

ദുബായ് ഫോണ്ടില്‍ ഹിന്ദി ഉള്‍പ്പെടുന്നില്ലെങ്കിലും രൂപകല്‍പന ചെയ്യാന്‍ സാങ്കേതികമായി തടസ്സമില്ലെന്നു ഫോണ്ട് രൂപകല്‍പന ചെയ്ത ഡോ.നാദിന്‍ ഷഹീന്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയാല്‍ രൂപകല്‍പനയ്ക്കു തടസ്സമില്ലെന്നും അവര്‍ അറിയിച്ചു. ഈ രംഗത്തെ പ്രമുഖ രാജ്യാന്തര ഏജന്‍സിയായ മോണോടൈപ്പില്‍ ഡയറക്ടറായ ലബനന്‍ സ്വദേശി ഷഹീന്റെ നേതൃത്വത്തിലുള്ള സംഘമാണു ദുബായ് ഫോണ്ട് രൂപകല്‍പന ചെയ്തത്. ഒന്നരവര്‍ഷത്തെ പ്രയത്നത്തിന്റെ ഫലമാണ് ഫോണ്ട്. ഇരുപതോളം പേരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. രൂപകല്‍പനയ്ക്കായി ആറു വിദഗ്ധരുണ്ടായിരുന്നു.

സ്വയം പ്രകടിപ്പിക്കാനും വായന വളര്‍ത്താനും ലക്ഷ്യമിട്ടാണു പുതിയ സംരംഭം രൂപകല്‍പന ചെയ്തിരിക്കുന്നത്. അറബിക്, ലാറ്റിന്‍ ലിപികള്‍ തമ്മിലുള്ള അകല്ച്ച പരമാവധി കുറയ്ക്കാനും ഇവരുടെ രൂപകല്‍പന വഴി കഴിഞ്ഞു. യുഎഇ ജനങ്ങളുടെ തുറന്ന മനോഭാവവും ഐക്യവുമാണു ഫോണ്ടിന്റെ രൂപകല്‍പനയ്ക്കു പ്രചോദനമായതെന്ന് അവര്‍ അറിയിച്ചു. മികച്ച ഫോണ്ട് നിര്‍മിക്കുകയെന്നതല്ലായിരുന്നു വെല്ലുവിളി, സ്വയം പ്രകാശിപ്പിക്കുന്നതിനുള്ള മാര്‍ഗമായി പുതിയതും പ്രത്യേതകത നിറഞ്ഞതുമായ ഫോണ്ട് എന്നതായിരുന്നു എന്ന് അവര്‍ പറഞ്ഞു.

ആശയങ്ങളും അനുഭവങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ആശയവിനിമയത്തിന് എപ്പോഴും മാര്‍ഗങ്ങള്‍ തേടാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും ഷെയ്ഖ് ഹംദാന്റെയും പിന്തുണയാണു ദുബായിക്കു പുതിയ നേട്ടം കൈവരിക്കാന്‍ കാരണമായത്.