പോലീസിനെ വെട്ടിച്ച് കുപ്രസിദ്ധ പ്രതി രക്ഷപ്പെട്ട സംഭവം; രണ്ടു ദിവസം കഴിഞ്ഞിട്ടും ഇരുട്ടിൽ തപ്പി പോലീസ്, അന്വേഷണം ബിജുവുമായി ബന്ധപ്പെട്ട സ്ത്രീകളിലേക്ക്

single-img
30 April 2017

എറണാകുളം ബിജു (37)

തിരുവനന്തപുരം: കോടതിയിൽ വിചാരണക്കെത്തിച്ചപ്പോൾ പോലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി എറണാകുളം ബിജുവിനു (37) വേണ്ടിയുള്ള അന്വേഷണം പ്രതിയുമായി ബന്ധപ്പെട്ട സ്ത്രീകളിലേകെന്ന് പോലീസ്.

ബിജു ബന്ധപ്പെടാന്‍ ഇടയുള്ള സ്ത്രീകളെ ചുറ്റിപറ്റിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നതെന്നും മഫ്തിയലും അല്ലാതെയും പോലീസുകാര്‍ ഈ സ്ത്രീകളെ നിരീക്ഷക്കുന്നുണ്ടെന്നും നെയ്യാറ്റിൻകര സി.ഐ ഇ-വാര്‍ത്തയോട് പറഞ്ഞു. അധികം ദൂരം ബിജു പോകാന്‍ ഇടയില്ലെന്നാണ് പോലീസിന്റെ നിഗമനമെന്നും അദ്ദേഹം അറിയിച്ചു.

ബാലപീഡനം കൊലപാതകം മോഷണശ്രമം അടക്കം മുന്നൂറോളം കേസുകളിലെ പ്രതിയെയാണ് വെറും നാലു പൊലീസുകാരുടെ അകമ്പടിയില്‍ കോടതിയിൽ നിന്നും പുറത്തിറങ്ങിയിട്ടു കെഎസ്ആര്‍ടിസി ബസിൽ കയറ്റി കൊണ്ടുപോവാൻ നോക്കിയത്. മറ്റൊരു കുപ്രസിദ്ധ കുറ്റവാളി പറക്കും തളിക ബിജു എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ബിജുവാണ് എറണാകുളം ബിജുവിനെ പോലീസിനെ വെട്ടിച്ച് തന്റെ പള്‍സര്‍ ബൈക്കില്‍ രക്ഷപ്പെടുത്തിയത്.

പീഡനക്കേസിന്റെ വിചാരണയ്ക്കായി പൂജനപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കുന്നതിനു ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കൊടും ക്രിമിനലയാട്ടും മതിയായ സുരക്ഷയില്ലാതെയാണ് ഇയാളെ കോടതിയില്‍ എത്തിച്ചത്. ബിജുവിന്റെ നിര്‍ദ്ദേശമനുസരിച്ച് ബസിനെ പിന്തുടര്‍ന്ന ബൈക്കിലാണ് രക്ഷപ്പെട്ടത്.

നെയ്യാറ്റിന്‍കര ആലുംമൂട് ജംഗ്ഷനില്‍ വച്ച് ഇയാള്‍ ബൈക്കില്‍ ഓടിക്കയറുകയായിരുന്നു. ബസില്‍ നിന്ന് ഇറങ്ങിയോടിയ ബിജു അതിസാഹസികമായി ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ ചാടിക്കയറുകയായിരുന്നു. പൊലീസ് പിറകേ ഓടിയിട്ടും പ്രതിയെ പിടികൂടാനായില്ല.

സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തിരുവനന്തപുരം എ.ആര്‍ ക്യാപിലെ പോലീസുകാരായ മുജീബ്, വിപിന്‍ എന്നിവരെയാണ് റൂറല്‍ എസ്.പി അശോക് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം ഇയാള്‍ ജയില്‍ ചാടുമെന്ന് ഇന്റലിജന്‍സ് വിഭാഗം നേരത്തെ തന്നെ പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും കെഎസ്ആര്‍ടിസി ബസില്‍ കാര്യമായ കാവലില്ലാതെ ഇയാളെ കൊണ്ടുപോയത് സംഭവത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ജയില്‍ചാടി നാല് പോലീസുകാരെ കൊല്ലുമെന്ന് ഇയാള്‍ നേരത്തെ ഭീഷണിമുഴക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം ബിജുവിനെ ബസില്‍ നെയ്യാറ്റിന്‍കരയില്‍ എത്തിച്ചത് പോലീസിന്റെ ഒത്തുകളിയാണെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്.