പുതിയ ഇന്ത്യ വിഐപികളുടേതല്ല ഇപിഐകളുടേതാണ്; രാജ്യത്ത് നിലനിന്നിരുന്ന വിഐപി സംസ്‌കാരം ഇന്ത്യയുടെ ശാപമായിരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
30 April 2017

ന്യൂഡല്‍ഹി: പുതിയ ഇന്ത്യ വിഐപികളുടേതല്ല ഇപിഐകളുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഐപി സംസ്‌കാരത്തിന് അറുതി വരുത്താനുള്ള നീക്കം സര്‍ക്കാര്‍ തലത്തില്‍ സജീവമായി തുടരവെ, ‘വിഐപി’ക്ക് ബദലായി പുതിയ വാക്ക് അവതരിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി. ചില വ്യക്തികള്‍ മാത്രം പ്രധാനപ്പെട്ടവരായി മാറുന്ന ‘വിഐപി’ എന്ന ആശയത്തിനു പകരം ഓരോ വ്യക്തിയും പ്രധാനപ്പെട്ടവരാകുന്ന ‘ഇപിഐ’ (Every Person is Important) എന്ന ആശയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ചത്. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മന്‍ കി ബാത്തി’ന്റെ പുതിയ പതിപ്പിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

പിറവി കൊള്ളുന്ന ‘നവ ഭാരത’ത്തിന്റെ അടയാളങ്ങളിലെന്നും ‘ഇപിഐ’ ആയിരിക്കുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന ആശയത്തിനൊപ്പം മോദി തന്നെ പ്രചാരത്തിലാക്കിയ പ്രയോഗമാണ് ‘നവ ഭാരതം’. വിഐപികളായ ആളുകളുടെ വാഹനങ്ങളില്‍ നീല, ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് വിഐപി സംസ്‌കാരത്തിന് തടയിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളുടെ പശ്ചാത്തലത്തിലാണ് ഇതിനു ബദലായി ‘ഇപിഐ’ എന്ന പ്രയോഗം ഉയര്‍ത്തിക്കൊണ്ടുള്ള മോദിയുടെ പുതിയ നീക്കം.

രാജ്യത്തു നിലനിന്നിരുന്ന വിഐപി സംസ്‌കാരം ഇന്ത്യയുടെ ശാപമായിരുന്നു. വാഹനങ്ങളിലാണ് ചുവപ്പു ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിക്കുന്നതെങ്കിലും, ആളുകളുടെ ശിരസിലും ഈ ചിഹ്നം പതിയുന്നതായി എനിക്ക് അനുഭവത്തില്‍നിന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. വിഐപി സംസ്‌കാരത്തിന് തുടക്കം കുറിച്ചതും ഇതുതന്നെയാണ്. വാഹനങ്ങളില്‍നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ നീക്കിയതുപോലെ, ആളുകളുടെ ശിരസില്‍നിന്നും വിഐപി സംസ്‌കാരത്തിന്റെ ചുവന്ന ലൈറ്റുകള്‍ നീക്കേണ്ടതുണ്ട്. ‘വിഐപി’ക്കു പകരം ഓരോ വ്യക്തിയും പ്രധാനപ്പെട്ടവരാകുന്ന ‘ഇഐപി’ക്കാണ് നവ ഭാരതത്തില്‍ സ്ഥാനം. രാജ്യത്തെ 125 കോടി പൗരന്‍മാരും ഒരുപോലെ പ്രധാനപ്പെട്ടവരാണ്. നാമെല്ലാം ഒന്നിച്ചുനിന്നാല്‍ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുന്ന കാലം വിദൂരമല്ല പ്രധാനമന്ത്രി പറഞ്ഞു.

ഭക്ഷണം പാഴാക്കരുതെന്ന തന്റെ വാക്കുകള്‍ യുവാക്കള്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും മോഡി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ആശങ്കയുളവാക്കുന്നുവെന്നും അവധിക്കാലത്ത് കുട്ടികള്‍ പുതിയ സ്ഥലങ്ങള്‍ കാണുവാന്‍ ശ്രമിക്കണമെന്നും അദ്ധേഹം പറഞ്ഞു. കുട്ടികള്‍ എപ്പോഴും സുരക്ഷിത സ്ഥലത്ത ഒതുങ്ങികൂടുകയാണ് ഇത് ഒഴിവാക്കണമെന്നും പുതിയ അനുഭവങ്ങള്‍ നേടാന്‍ അവധികാലത്തെങ്കിലും ശ്രമിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. കാലാവസ്ഥാ വ്യതിയാനം ഏറെ ആശങ്കയുളവാക്കുന്നുണ്. കാലാവസ്ഥ മാറിയതിന്റെ തെളിവാണ് മാര്‍ച്ചിലും ഏപ്രിലിലും അനുഭവിക്കുന്ന ചൂട്. മുന്‍പ് സെമിനാറുകളില്‍ സ്ഥിരം വിഷയമായിരുന്ന കാലാവസ്ഥാ വ്യതിയാനം ഇപ്പോള്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മെയിലെയും ജൂണിലെയും ചൂടാണ് മാര്‍ച്ചിലും ഏപ്രിലിലും അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.