ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ റേഷന്‍ ഡീലേഴ്സ് നാളെ മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരത്തിലേയ്ക്ക്

single-img
30 April 2017

തിരുവനന്തപുരം: ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് റേഷന്‍ കടകള്‍ അടച്ചിട്ട് സമരം ആരംഭിക്കുമെന്ന് സംസ്ഥാനത്തെ റേഷന്‍ ഡീലേഴ്സ് ഭാരവാഹികള്‍ വ്യക്തമാക്കി. ഒരു റേഷന്‍ കട പോലും തുറക്കില്ലെന്നും സംസ്ഥാനത്തെ 14000ത്തോളം റേഷന്‍ കടകള്‍ അടച്ചിടുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഏപ്രില്‍ ഒന്നോടു കൂടി സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുമെന്നായിരുന്നു ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഭക്ഷണം അവകാശമാക്കുക എന്ന ലക്ഷ്യത്തോടെ 2013 ജൂലൈയിലാണ് കേന്ദ്രം ഈ നിയമം ആവിഷ്‌കരിക്കുന്നത്. 2014 ജനുവരിക്കുളളില്‍ നിയമം നടപ്പിലാക്കണമെന്നായിരുന്നു സംസ്ഥാനങ്ങള്‍ക്കുളള കേന്ദ്രത്തിന്റെ ആദ്യ നിര്‍ദേശം.

ഇത് പ്രകാരം 2015ല്‍ ഒഡീഷ നടപ്പിലാക്കി തുടക്കം കുറിക്കുകയും ചെയ്തു. എന്നാല്‍ കേരളവും തമിഴ്നാടും ഇതുവരെ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയിട്ടില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രത്തോട് ഏഴുതവണയാണ് സംസ്ഥാനം സമയം നീട്ടി ചോദിച്ചത്.