കേരളത്തില്‍ വെച്ച് മിന്നുകെട്ടാന്‍ മണിപ്പൂരിന്റെ സമരനായിക ഇറോം ഷര്‍മ്മിള

single-img
30 April 2017

മധുര: മണിപ്പൂരിന്റെ സമരനായിക ഇറോം ഷര്‍മ്മിള തന്റെ മംഗല്യജീവിതം ആരംഭിക്കുന്നത് കേരളത്തില്‍വെച്ചെന്ന് സൂചന. കാമുകനും പ്രതിശ്രുത വരനുമായ അയര്‍ലന്റ് സ്വദേശി ഡെസ്മണ്ട് കൗണ്ടിഞ്ഞോയൊടൊപ്പം അവര്‍ വൈകാതെ കേരളത്തിലെത്തുമെന്നാണ് പറയപ്പെടുന്നത്.

നേരത്തെ പതിനഞ്ച് ദിവസത്തെ കേരള പര്യടനത്തിനുശേഷം കഴിഞ്ഞ മാസം 29നു കേരളം വിട്ട ഇറോം ഇപ്പോള്‍ മധുരയിലാണുള്ളത്. കേരളത്തില്‍ ലഭിച്ച സ്വീകരണങ്ങളില്‍ ഏറെ സന്തോഷവതിയായിരുന്ന ഇറോം ഷര്‍മ്മിള ഇനിയുള്ള കാലം കേരളത്തില്‍ ചെലവഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

കേരളത്തില്‍ വിവിധ സംഘടനകള്‍ നടത്തിയ പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഇറോം ഷര്‍മ്മിളക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലും സിപിഎം പാര്‍ട്ടി ആസ്ഥാനത്തും സ്വീകരണം നല്‍കിയിരുന്നു.

2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷമേ ഇറോമുമായുള്ള വിവാഹം ഉണ്ടാകൂ എന്ന് ഡെസ്മണ്ട് നേരത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നു ഇറോം വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിവാഹം നേരത്തെ ആക്കുന്നതെന്നാണ് സൂചന.