ഇന്ത്യൻ സൈന്യത്തിൽ കേണലായി സേവനമനുഷ്ഠിച്ചിട്ടുള്ള വിമുക്ത ഭടന്റെ വസതിയിൽനിന്ന് ഒരു കോടി രൂപയും, 40 തോക്കും, 117 കിലോ മാനിറച്ചിയും പിടികൂടി

single-img
30 April 2017

ലക്നൗ∙ ഉത്തർപ്രദേശിലെ മീററ്റിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപ പണമായും, 40 തോക്കുകളും, 50,000ൽ അധികം തിരകളും, നിയമവിരുദ്ധമായി സൂക്ഷിച്ച 117 കിലോ മാനിറച്ചിയും പിടിച്ചെടുത്തു.

ഇന്ത്യൻ സൈന്യത്തിൽ കേണലായി സേവനമനുഷ്ഠിച്ചിട്ടുള്ള വിമുക്ത ഭടൻ ദേവീന്ദ്ര കുമാറിന്റെ വസതിയിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. മൃഗങ്ങളുടെ തോലും ആനക്കൊമ്പും ഉൾപ്പെടെയുള്ള വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച പരിശോധന, ഞായറാഴ്ച പുലർച്ചെ വരെ നീണ്ടു.

ഇദ്ദേഹത്തിനെതിരെ നിലവിലുള്ള അനധികൃത സ്വത്തു സമ്പാദനക്കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കി. രവീന്ദ്ര കുമാറിന്റെ വസതിയോടു ചേർന്നുള്ള രഹസ്യ സങ്കേതത്തിലാണ് ഇവ സൂക്ഷിച്ചിരുന്നതെന്നാണ് വിവരം.

ദേവീന്ദ്ര കുമാറിന്റെ മകൻ പ്രശാന്ത് ബിഷ്ണോയ് ദേശീയ തലത്തിൽ മൽസരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഷൂട്ടിങ് താരമാണ്. ഇരുവർക്കുമെതിരെ 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും.