വെടിക്കെട്ട് ഇല്ലെങ്കില്‍ തൃശൂര്‍ പൂരം വെറും ചടങ്ങാക്കി മാറ്റുമെന്നും പാറമേക്കാവ് വിഭാഗം

single-img
30 April 2017

തൃശൂര്‍: പരമ്പരാഗത വെടിക്കെട്ട് ഇല്ലെങ്കില്‍ പൂരത്തിന് വെടിക്കെട്ട് തന്നെ വേണ്ടെന്ന് വെക്കും. തൃശൂര്‍ പൂരം വെറും ചടങ്ങാക്കി മാറ്റുമെന്നും പാറമേക്കാവ് വിഭാഗം. ശിവകാശി പടക്കങ്ങള്‍ ഉപയോഗിച്ചുളള വെടിക്കെട്ടിന് ഉണ്ടാകില്ലെന്നും പാറമേക്കാവ് വിഭാഗം വ്യക്തമാക്കി. വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ കുടമാറ്റത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും ഇത്തവണ ഇലഞ്ഞിത്തറ മേളം ഉണ്ടാകില്ലെന്നും പാറമേക്കാവ് വിഭാഗം അറിയിച്ചു.

തൃശൂര്‍ പൂരത്തിന് ഇന്നലെയാണ് കൊടിയേറിയത്. കൊടിയേറ്റം പാറമേക്കാവ് വിഭാഗം ചടങ്ങുമാത്രമാക്കി ചുരുക്കിയിരുന്നു. പ്രതിഷേധസൂചകമായി ഇന്നലെ ഒരാനയെ മാത്രമെ എഴുന്നെള്ളിച്ചുള്ളൂ. ഇതിന് മേളത്തിന് പ്രമാണം വഹിക്കേണ്ട പെരുവനം കുട്ടന്മാരാരും സംഘവും എത്തിയിരുന്നുവെങ്കിലും മൂന്ന് ഉരുട്ടിലും, രണ്ട് വീക്കന്‍ ചെണ്ടയിലുമൊതുക്കിയ മേളത്തില്‍ ചെണ്ടയില്ലാതെ പെരുവനം പങ്കെടുത്തു. പുറത്തേക്കെഴുന്നെള്ളി വടക്കുന്നാഥനിലെ കൊക്കര്‍ണിക്കുളത്തില്‍ ആറാട്ടും നടത്തി. ഇതിനു ശേഷം മണികണ്ഠനാലിലും ക്ഷേത്രത്തിനു മുന്‍വശത്തുള്ള പാലമരത്തിലും പൂരക്കൊടികള്‍ ഉയര്‍ത്തിയതോടെ നഗരം പൂരലഹരിയിലായി.

ആറാട്ടിന് ശേഷമാണ് വെടിക്കെട്ട്. എന്നാല്‍ വെടിക്കെട്ടിന് അനുമതിയില്ലാത്തിനാല്‍, ആചാരങ്ങള്‍ മുടങ്ങാതിരിക്കാന്‍ 14 കതിനകള്‍ മാത്രം പൊട്ടിച്ച് വെടിക്കെട്ടിലെ പ്രതിഷേധം അവിടെയും പ്രകടമാക്കി.

അതേസമയം തിരുവമ്പാടി വിഭാഗം സാധാരണപോലെ കൊടിയേറ്റ് നടത്തി. സാധാരണ പാറമേക്കാവ് വിഭാഗത്തിന്റെ പൂരം പുറപ്പെടലിന് അഞ്ച് ആനകളും 125 കലാകാരന്മാര്‍ പങ്കെടുക്കുന്ന ചെമ്പടമേളവും ഉണ്ടാകാറുണ്ട്. കൂടാതെ 101 ഗുണ്ടും 50 കുഴിമിന്നലും 17 ഡൈനയും പൊട്ടിക്കാറുണ്ട്. എന്നാല്‍ ഇന്നലെ 11 കതിന മാത്രമാണ് ഉണ്ടായത്. കൂടാതെ ചെണ്ടവാദ്യക്കാരില്‍ അഞ്ചുപേര്‍ മാത്രമാണ് മേളത്തില്‍ പങ്കെടുത്തത്. എന്നാല്‍ വെടിക്കെട്ടിനുളള അനുമതിയുടെ കാര്യത്തില്‍ തിങ്കളാഴ്ചയോടെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.