ആഘോഷ തിമിർപ്പുകളിൽ മനുഷ്വത്വമില്ലാതാവുന്നുവോ.. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തിയുള്ള ഘോഷയാത്ര; ചോദ്യം ചെയ്ത ഗര്‍ഭിണിയായ ഡോക്ടറെയും കുടുംബത്തെയും ക്ഷേത്രകമ്മിറ്റിക്കാര്‍ മര്‍ദ്ദിച്ചതായി പരാതി

കോട്ടയം: ചങ്ങനാശ്ശേരി ടൗണില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര മൂലം മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയതിനെതിരെ ചോദ്യം ചെയ്ത ഗര്‍ഭിണിയായ ഡോക്ടറെയും ഭര്‍ത്താവിനെയും ഉത്സവക്കമ്മിറ്റിക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി തൃക്കൊടിത്താനം ശ്രീ ഗുരു ഗുഹാനന്ത ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്രക്കിടെ റോഡിലെ ബ്ലോക്ക് ഒഴിവാക്കിത്തരാന്‍ പോലീസുകാരോട് അഭ്യര്‍ത്ഥിച്ച തങ്ങളെ മദ്യലഹരിയിലായിരുന്ന കമ്മിറ്റിക്കാര്‍ മര്‍ദ്ദിച്ചുവെന്നാണ് ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടര്‍ ആതിരയുടെ പരാതി.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തനിക്കു ഈ ദുരനുഭവമുണ്ടായതെന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടർ കുറിച്ചത്. ചങ്ങനാശ്ശേരി ശ്രീ ഗുരു ഗുഹാനന്ത ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്ര റോഡിലൂടെ കടന്നുപോകുന്നതിനാല്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡോക്ടറും കുടുംബവും സഞ്ചരിച്ച കാര്‍ മണിക്കൂറുകളോളം ബ്ലോക്കില്‍ പെടുകയായിരുന്നു. ഗര്‍ഭിണിയായ ഡോക്ടറും ഭര്‍ത്താവും അമ്മയും മൂന്ന് ചെറിയ കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. ഘോഷയാത്ര കഴിയുന്നത്‌ വരെ ക്ഷമയോടെ കാത്തിരിക്കാനേ ഇവര്‍ക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ.

പക്ഷേ ഘോഷയാത്ര കടന്നു പോയ ശേഷവും ഗതാഗതം പഴയ പടി ആയില്ല. ആളുകള്‍ റോഡില്‍ കുത്തിയിരുന്ന് വീണ്ടും ഗതാഗത തടസ്സം സൃഷ്ടിച്ചപ്പോള്‍ ഇവര്‍ 100 ല്‍ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ലഭിച്ച നിര്‍ദ്ദേശമനുസരിച്ച് ഡോക്ടറുടെ ഭര്‍ത്താവ് ദർശൻ ഘോഷയാത്ര നിയന്ത്രിക്കുവാനായി അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനോട് വിവരം പറഞ്ഞതുപ്രകാരം വാഹനങ്ങള്‍ പോകുവാനുള്ള സംവിധാനം ഉണ്ടാവുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ ചില കമ്മിറ്റിക്കാര്‍ അസഭ്യ വര്‍ഷവുമായി ഇവരുടെ കാറിനടുത്തേക്ക് വരികയും മര്‍ദ്ദിക്കുകയുമായിരുന്നു.

‘നിനക്കു മാത്രം എന്താടാ’…എന്നു ആക്രോശിച്ചും തെറി പറഞ്ഞും കൊണ്ട് ബലമായി കാറിന്റെ ചാവി ഊരി എടുക്കുവാന്‍ നോക്കിയ അവര്‍ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന തന്റെ ഭര്‍ത്താവിനെ കഴുത്തില്‍ പിടിച്ചു പുറത്തേക്കു വലിച്ചിറക്കാന്‍ നോക്കുകയും ചെയ്തുവെന്നും ഡോ.ആതിര ഇ വാർത്തയോട് പറഞ്ഞു.

‘ ഈ സമയം മുന്‍ സീറ്റിലിരുന്ന എന്റെ ഡോര്‍ ഒരാള്‍ വലിച്ചു തുറക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ എന്റെ കയ്യില്‍ കടന്നു പിടിച്ചു തിരിക്കുകയും സീറ്റില്‍നിന്നും വലിച്ചു ഇഴച്ച് റോഡില്‍ ഇറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ കാഴ്ചകള്‍ ഒകെ കണ്ടു ഭീതിയിലായി എന്റെ മകളും ചേച്ചിയുടെ കുഞ്ഞുങ്ങളും വാവിട്ടു കരയാന്‍ തുടങ്ങി. ഈ അക്രമി സംഘത്തിലെ എല്ലാവരും തന്നെ ശ്രീ ഗുരു ഗുഹാനന്ത ക്ഷേത്ര കമ്മിറ്റി ബാഡ്ജ് ധരിച്ചിരുന്നു,’ ആതിര പറയുന്നു.

റോഡരികില്‍ നിന്ന മറ്റു പൊതു ജനങ്ങളും, കടകളിലെ ജീവനക്കാരും കാഴ്ചക്കാരായി നിന്നതല്ലാതെ ഈ അക്രമികളെ പിടിച്ചു മാറ്റാന്‍ പോലും ആരും ശ്രമിച്ചില്ല. അവിടുന്ന് ഒരു വിധം വണ്ടി മുന്നിലേക്ക് എടുത്ത് 200 മീറ്റര്‍ ചെന്നപ്പോള്‍ പൊലീസുകാര്‍ കയ്യും കെട്ടി നില്‍ക്കുന്നത് കണ്ടു. അവരോടു വിവരം ബോധിപ്പിക്കുവാനായി വണ്ടി നിര്‍ത്തിയപ്പോള്‍ അക്രമി സംഘം വീണ്ടും കാര്‍ വളഞ്ഞു അതിക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. പക്ഷേ തങ്ങളോട് എത്രയും വേഗം അവിടുന്നു പോകാനായിരുന്നു പൊലീസുകാര്‍ ആവശ്യപ്പെട്ടത്. അവിടുന്ന് ഒരു വിധം രക്ഷപ്പെട്ട് വീട്ടിലെത്തിയെങ്കിലും പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ തിരിച്ച് ആശുപത്രിയിയിലെത്തി ചികിത്സ തേടിയ ശേഷമാണു വീട്ടിലേക്ക് മടങ്ങിയതെന്നും’ ഡോ.ആതിര ഇ വാർത്തയോട് പറഞ്ഞു.