പൊലീസ് മേധാവി സ്ഥാനത്ത് വീണ്ടും നിയമിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് നടപ്പിലായില്ല; ടിപി സെന്‍കുമാര്‍ കോടതിയില്‍

single-img
29 April 2017

ന്യൂഡല്‍ഹി: പൊലീസ് മേധാവി സ്ഥാനത്ത് വീണ്ടും നിയമിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ടിപി സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. ഡിജിപി സ്ഥാനത്ത് നഷ്ടമായ കാലാവധി നീട്ടി നല്‍കണമെന്നും ടിപി സെന്‍കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് മേധാവി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കി അദ്ദേഹത്തെ പൊലീസ് മേധാവിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഏപ്രില്‍ 24ന് ഈ ഉത്തരവ് വന്നിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനെതിരെയാണ് സെന്‍കുമാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുഖേനയാണ് സെന്‍കുമാര്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. അഞ്ചു പേജുള്ള ഹര്‍ജിയാണ് നല്‍കിയിട്ടുള്ളത്. ഇന്നു രാവിലെയാണ് സെന്‍കുമാറിന്റെ ഒപ്പ് പ്രത്യേക ദൂതന്‍ മുഖേന ദില്ലിയിലെത്തിച്ചത്. തുടര്‍ന്ന് സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ അടക്കമുള്ളവരുമായി കൂടിയാലോചിച്ച ശേഷമാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നും മാറ്റാനുള്ള തീരുമാനം റദ്ദാക്കിക്കൊണ്ട് തിങ്കളാഴ്ചയാണ് സുപ്രിംകോടതി വിധി പ്രസ്താവിച്ചത്.

വിധി തിങ്കളാഴ്ച മുതല്‍ സുപ്രിംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നിട്ടും തന്നോട് വിധിയുടെ സര്‍ട്ടിഫൈഡ് കോപ്പി വേണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫൈഡ് കോപ്പി സര്‍ക്കാരിന് നല്‍കിയെങ്കിലും പുനര്‍നിയമനക്കാര്യത്തില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുകയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. മേധാവി സ്ഥാനത്തുനിന്നും തന്നെ നീക്കിയതിനു പിന്നില്‍ നളിനി നെറ്റോയുടെ ഇടപെടലുണ്ട് തുടങ്ങിയ ഗുരുതര ആരോപണങ്ങളും സെന്‍കുമാര്‍ ഉന്നയിക്കുന്നു.

പുനര്‍നിയമനം വൈകിപ്പിക്കാന്‍ അവര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു. നഷ്ടപ്പെട്ട കാലാവധി നീട്ടി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.