റോഡില്‍ കുറുകേ നിന്ന പശുവിനെ കണ്ട് ഹോണടിച്ചു; പശുവിനെ ഹോണ്‍മുഴക്കി പേടിപ്പിച്ചെന്നാരോപിച്ച് ഉടമസ്ഥന്‍ യുവാവിന്റെ കണ്ണടിച്ചു തകര്‍ത്തു

single-img
29 April 2017

പട്‌ന: ബീഹാറിലെ സഹര്‍സാ ജില്ലയില്‍ ഹോണ്‍ മുഴക്കി പശുവിനെ പേടിപ്പിച്ചെന്ന് ആരോപിച്ച് പിക്ക് അപ്പ് ഡ്രൈവറുടെ കണ്ണ് അടിച്ചു തകര്‍ത്തു. ബീഹാറിലെ സഹര്‍സാ ജില്ലയിലെ സോന്‍ബര്‍സ രാജ് പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. ഗണേഷ് മണ്ഡല്‍ എന്ന യുവാവിനാണ് ഈ ദുരനുഭവം.

ബഗല്‍പൂര്‍ ജില്ലയില്‍ നിന്നും തന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗണേഷ് ദേശീയ പാതിയിലെത്തിയപ്പോഴാണ് വഴി തടഞ്ഞ് നില്‍ക്കുന്ന പശുവിനെ മാറ്റുവാനായി ഹോണ്‍മുഴക്കുകയായിരുന്നു. ഹോണ്‍ ശബ്ദം കേട്ട് പശു വഴിയില്‍ നിന്നും കുതറി ഓടുകയും ചെയ്തു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട പശുവിന്റെ ഉടമസ്ഥന്‍ ഹോണ്‍ മുഴക്കിയ യുവാവിനെ വണ്ടിയില്‍ നിന്നും പുറത്തിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഗണേഷ് പശുവിനെ ഭയപെടുത്തുവാന്‍ മനപൂര്‍വ്വം ഹോണ്‍ മുഴക്കിയെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.

കണ്ണിന് മര്‍ദ്ദനമേറ്റ ഗണേഷിനെ ഉടന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും, ബോധം തിരിച്ച് കിട്ടിയപ്പോള്‍ തന്റെ ഇടത്തെ കണ്ണിന് കാഴ്ച്ചയില്ലെന്ന് ഗണേഷ് ഡോക്ടര്‍മാരോട് പറയുകയായിരുന്നു. കണ്ണില്‍ നിന്നും ഏറെ രക്തം നഷ്ടപെട്ടതായിരിക്കാം കാഴ്ച്ച നഷ്ടപെടാന്‍ കാരണമായതെന്ന് ഡോക്ടടര്‍ പറഞ്ഞു. സംഭവത്തില്‍ സോന്‍ബര്‍സ രാജ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ താന്‍ ഗണേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും, ഗണേഷിനെ മര്‍ദ്ദിച്ചു എന്ന പറയുന്ന സമയം താന്‍ തന്റെ പശുവിനെ കുളിപ്പിക്കുകയായിരുന്നു എന്നുമാണ് പശുവിന്റെ ഉടമസ്ഥന്‍ റാം ദുലര്‍ യാദവ് പോലീസിന് നല്‍കിയ വിശദീകരണം.